Sat. Nov 23rd, 2024
തിരുവനന്തപുരം:

സിക രോ​ഗബാധിതരുടെ എണ്ണം കൂടിയാൽ പ്രത്യേക ഒപിയും വാർഡും സജ്ജമാക്കുന്നത് പരി​ഗണിക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പകർച്ചവ്യാധി നിരീക്ഷകസമിതി (ഔട്ട്ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ്) യോഗം തീരുമാനിച്ചു.
സിക പ്രതിരോധത്തിന് ഊര്‍ജിതപദ്ധതികള്‍ നടപ്പാക്കും.

ഗര്‍ഭിണികളെ സിക ബാധിച്ചാൽ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ക്കും നാഡീകോശങ്ങളെ ബാധിക്കുന്ന രോ​ഗമായ ​​ഗീലൻബാർ സിന്‍ഡ്രോമിനും സാധ്യതയുണ്ടെന്നതി​ന്റെ അടിസ്ഥാനത്തില്‍ അവ നേരിടാൻ പദ്ധതികളും ആസൂത്രണം ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം തയ്യാറാക്കിയ വിവരശേഖരണ സംവിധാനം ഉപയോഗിച്ച് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും.

ജന്മനാലുള്ള വൈകല്യം കണ്ടെത്തിയാലും ​ഗീലൻബാർ സിന്‍ഡ്രോം കണ്ടെത്തിയാലും സിക സ്ഥിരീകരിക്കാൻ സാമ്പിൾ പുണെ എന്‍ഐവിയിലേക്ക്‌ അയക്കും.
സിക രോഗ പരിശോധനയ്ക്ക് 500 കിറ്റും സിക, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവ കണ്ടെത്താനാകുന്ന 500 കിറ്റും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. രോഗം സംശയിക്കുന്നവരിൽ ഈ കിറ്റുകള്‍ ഉപയോഗിക്കും.

അവയവമാറ്റത്തിന് വിധേയരാകുന്നവർക്കും 20 ആഴ്ച തികയാത്ത ഗര്‍ഭിണികള്‍ക്കും രക്തം സ്വീകരിക്കേണ്ടിവന്നാൽ രക്തദാതാക്കളിൽ സിക പരിശോധന നടത്തും. സിക ബാധിതരെ കിടത്തിച്ചികിത്സിക്കാൻ മെഡിക്കല്‍ കോളേജ് ആശുപത്രി പേവാര്‍ഡി​ന്റെ ഒരു നില മാറ്റിവയ്ക്കും.

ഈ മുറികള്‍ കൊതുകുവലയിട്ട് സുരക്ഷിതമാക്കും. പനി, ശരീരത്തില്‍ തടിപ്പ് എന്നിവയുമായി ഒപിയിൽ എത്തുന്നവർക്ക് കൊതുകുനിര്‍മാര്‍ജന ബോധവൽക്കരണത്തിനായി ലഘുലേഖകള്‍ നല്‍കും. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ കൊതുകുനിര്‍മാര്‍ജനത്തിന് ഞായറാഴ്ച പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗത്തി​ന്റെയും ഹൗസ് കീപ്പിങ് വിഭാഗത്തി​ന്റെയും ആഭിമുഖ്യത്തില്‍ ശുചീകരണം നടത്താനും ഡ്രൈ ഡേ ആചരിക്കാനും ധാരണയായി.

സിക രോഗവ്യാപന സാഹചര്യത്തില്‍ തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ ഞായറാഴ്ചത്തെ അവധി പോലും വേണ്ടെന്നുവച്ച് അധികജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതില്‍ ആശുപത്രി അധികൃതര്‍ നന്ദി രേഖപ്പെടുത്തി.

By Divya