Mon. Dec 23rd, 2024
പാരിപ്പള്ളി:

വഴിയോരകച്ചവടക്കാരെ പിടികൂടാൻ പാരിപ്പള്ളി പൊലീസ് ഇറങ്ങി. വഴിവക്കുകളിൽ സാധനങ്ങൾ കൊണ്ടുവന്ന് വിൽപ്പന നടത്തിയ ഒട്ടേറെയാളുകളിൽ നിന്നും പിഴ ഈടാക്കി. വീട്ടുവളപ്പിൽ കൃഷി ചെയ്തെടുത്ത വിളകൾ അവിടവിടങ്ങളിൽ കൊണ്ടുവച്ച് വില്പന നടത്തിയ സ്ത്രീകളടക്കമുള്ളവരെ തിരിച്ചയച്ചു.

മത്സ്യകച്ചവടക്കാരിൽ നിന്നാണ് വൻതോതിൽ പിഴ വാങ്ങിയത്. പാരിപ്പള്ളി – പരവൂർ റോഡിൽ പ്ലാവിൻമൂട് ജംഗ്ഷന് സമീപം വാഹനങ്ങളിൽ മത്സ്യവില്പനക്കെത്തിയരെയാണ് പ്രധാനമായും പിടികൂടിയത്. ഹെൽമറ്റും സത്യവാങ്മൂലവും ഇല്ലാത്തവരെയും തടഞ്ഞു നിർത്തി പിഴയടിച്ചു.

എല്ലാവരുടെയും മൊബൈൽ ഫോൺ ആദ്യമേ വാങ്ങി കവറിലിട്ട് പൊലീസ് കൈവശം വച്ചു. പണമടക്കാനില്ലാത്തവർ വീട്ടിൽ പോയി പണം കൊണ്ടുവന്ന് അടച്ച ശേഷമാണ് മൊബൈൽ തിരികെ നൽകിയത്. അഞ്ഞൂറ് മുതൽ രണ്ടായിരം വരെയാണ് പിഴ ഇടാക്കിയത്.

മത്സ്യകച്ചവടക്കാരിൽ നിന്നും രണ്ടായിരം വീതം ഇടാക്കി. വീട്ടിൽ നിന്നുള്ള സാധനങ്ങളുമായി വന്നവർ കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. ഇതിനിടെ വിവാഹ സ്ഥലത്തേക്ക് പോയ കാർ തടഞ്ഞു നിർത്തി നവവരനെ പുറത്തിറക്കി കാർ പരിശോധിച്ചു.

കാറിൽ ആളുകൾ കൂടുതലുണ്ടെന്ന കാരണത്താൽ വരന്‍റെ പിതാവിൽ നിന്നും രണ്ടായിരം പിഴ ഈടാക്കിയ ശേഷമാണ് വരനെയടക്കം വിട്ടയച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിലും പൊലീസ് പരിശോധന നടത്തി.

By Divya