Mon. Dec 23rd, 2024
കുണ്ടറ:

സ്വന്തമായൊരു വീട്‌, ജീവിതത്തോളം വലിയ സ്വപ്‌നമായിരുന്നു രാജന്‌ അത്‌. അപകടം കൺമുന്നിൽ നിൽക്കവേ അപരൻ്റെ ജീവനുവേണ്ടി ചാടിയിറങ്ങുമ്പോൾ ആ സ്വപ്‌നം രാജനെ തടഞ്ഞില്ല. ജീവവായു നിലച്ചുപോയ കിണറ്റിനുള്ളില്‍ മൂന്നുജീവനുകൾ പിടയുന്നതു കണ്ടമാത്രയിൽ അയാൾക്ക്‌ മറ്റൊന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല.

ദുരന്തത്തിൻ്റെ കിണറാഴത്തിൽ മാനവികതയുടെ സ്നേഹനിശ്വാസമായി രാജൻ വിടപറയുമ്പോൾ വാടകവീട്ടിൽ ചിറകറ്റ സ്വപ്‌നങ്ങളായി നിത്യയും രണ്ടു മക്കളും.
കിണറ്റിലിറക്കാനുള്ള കോൺക്രീറ്റ് തൊടിയുടെ ഇടപാടിന്റെ ഭാഗമായാണ് കോവിൽമുക്കിൽ കിണർ നിർമിക്കുന്നിടത്ത് രാജൻ എത്തിയത്.

അവിടെ കിണർവെട്ടുന്ന ജോലിയിലായിരുന്ന സോമരാജനോട് കാര്യങ്ങൾ സംസാരിച്ചശേഷം യാത്രപറഞ്ഞ്‌ തിരിച്ചുനടന്നു. ഈ സമയത്താണ്‌ കിണറ്റിനുള്ളിലുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടത്‌. രക്ഷിക്കാനിറങ്ങിയ സോമരാജനും ബോധരഹിതനായതോടെ കിണറ്റിൻകരയിൽനിന്നവര്‍ നിലവിളിച്ചു.

ഇതുകേട്ട രാജൻ കിണറിനടുത്തേക്ക് തിരികെ ഓടിയെത്തുകയായിരുന്നു. മൂന്നുപേരും കിണറ്റിലകപ്പെട്ടതറിഞ്ഞ രാജൻ മറ്റൊന്നുമാലോചിക്കാതെ അവരെ രക്ഷപ്പെടുത്താൻ ഉള്ളിലേക്കിറങ്ങി. ഒടുവിൽ മറ്റുമൂന്നുപേർക്കുമൊപ്പം കിണറ്റിനുള്ളിൽ കുഴഞ്ഞുവീണു.

സ്വന്തമായി ഒരു വീട് നിർമിക്കുന്നതിന്റെ തത്രപ്പാടിലായിരുന്നു കുറേനാളായി രാജൻ. അടുത്തിടെ കുണ്ടറ പുന്നമൂക്കിനു സമീപം ഇതിനായി അഞ്ച് സെന്റ് വാങ്ങി. ഇവിടെ വീടുവയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടെയാണ്‌ നിനച്ചിരിക്കാത്ത ദുരന്തം ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്കുമേൽ കരിമ്പടം പുതച്ചത്‌.

ഇളമ്പള്ളൂർ ത്രിവേണി നഗറിലെ വാടകവീട്ടിലാണ് രാജന്റെ കുടുംബവും താമസിക്കുന്നത്‌. രാജന്റെ ഭാര്യ നിത്യയെ ആശ്വസിപ്പിക്കാനാകാതെ വിതുമ്പിനിൽക്കുകയാണ്‌ നാട്ടുകാരും ബന്ധുക്കളും. മക്കളായ നിഥിൻ ഏഴാം ക്ലാസിലും നീതു അഞ്ചാം ക്ലാസിലുമാണ്‌.

By Divya