Thu. Jan 23rd, 2025

പാലക്കാട്:

തൃത്താലയില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ലഹരിമാഫിയയിലേക്ക് എത്താതെ അന്വേഷണ സംഘം. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ഒമ്പത് പേര്‍ പങ്കെടുത്തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പിന്നാലെ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും ഒരാളെപ്പോലും ഇതുവരെ പിടികൂടിയിട്ടില്ല.

തൃത്താല കറുകപ്പുത്തതൂരില്‍ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചെന്ന പരാതി പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെയാണ് ചാലിശ്ശേരി പൊലീസ് അന്വേഷണം നടത്തി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അഭിലാഷിന്‍റെ നേതൃത്വത്തില്‍ പട്ടാമ്പി കേന്ദ്രമാക്കി ലഹരി മരുന്നു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പരാതിയിലുണ്ടായിരുന്നു.

കഴിഞ്ഞ എട്ടിന് അഭിലാഷ് ഉള്‍പ്പടെ മൂന്നു പ്രതികളെ ബലാത്സംഗ കേസില്‍ പിടികൂടിയെങ്കിലും ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ മാസം നാലു ദിവസം പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഉന്നത നേതാവിന്‍റെ മകനടക്കം 9 പേർ പങ്കെടുത്തെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ വിവരം.

ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഉള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. തൃത്താല, കൊപ്പം, പട്ടാമ്പി, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പരാതിയില്‍ പറഞ്ഞിരുന്ന ചിലരുടെ വീടുകളില്‍ പരിശോധന നടത്തിയതൊഴിച്ചാല്‍ ഒരാളെപ്പോലും പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല.

By Rathi N