Mon. Dec 23rd, 2024

കൊച്ചി:

നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെ കടകളിൽ മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ. കൊല്ലം മൂരിക്കോട് കോട്ടത്തല സ്വദേശി അഭിലാഷ് (40) എന്ന മൂഴിക്കോട് രാജേഷാണ് പാലാരിവട്ടം പൊലീസി​ന്റെ വിദഗ്ധ നീക്കത്തിനൊടുവിൽ പിടിയിലായത്. 2012 മുതൽ സംസ്ഥാനത്തി​ന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ അഭിലാഷ് പലതവണ ജയിലിൽ കിടന്നിട്ടുമുണ്ട്.

കഴിഞ്ഞവർഷം ജൂണിൽ കോഴിക്കോട് ജില്ല ജയിലിൽനിന്ന്​ ഇറങ്ങിയ ഇയാൾ കൊച്ചിയിൽ തുടർച്ചയായി മോഷണം നടത്തിയിരുന്നു. പ്രധാനമായും മെഡിക്കൽ സ്​റ്റോറുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. കഴിഞ്ഞ വെള്ളിയാഴ്ച പാലാരിവട്ടം ഭാഗ​െത്ത മെഡിക്കൽ സ്​റ്റോർ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈൽ ഫോണും കവർന്നതുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

എറണാകുളം എസിപി നിസാമുദ്ദീ​ന്റെ നിർദേശപ്രകാരം പാലാരിവട്ടം സിഐ രൂപേഷ് രാജ്, എസ്ഐമാരായ രൂപേഷ്, രതീഷ്, സുരേഷ്, എഎസ്ഐ രഞ്ജിത്ത്, എസ്സിപിഒ രതീഷ്, സിപിഒമാരായ മാഹിൻ, അരുൺ എന്നിവർ ചേർന്നാണ് സൈബർസെല്ലി​ന്റെ സഹായത്തോടെ പ്രതിയെ അറസ്​റ്റ്​ ചെയ്തത്

By Rathi N