ബാലരാമപുരം:
കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിൽ അവശേഷിക്കുന്ന ബാലരാമപുരം മുതൽ കളിയിക്കാവിളവരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട എം എൽ എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി മുഹമ്മദ് റിയാസിൻെറ അധ്യക്ഷതയിൽ ഉടൻ ചേരും.
ദേശീയപാത വികസന ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബാലരാമപുരം-വഴിമുക്ക് വികസനത്തിനായി സ്ഥലം ഉടൻ ഏറ്റെടുക്കും. വഴിമുക്ക്-കളിയിക്കാവിള ഭാഗത്തെ അലൈൻമൻെറ് പ്രസിദ്ധീകരിച്ച് നടപടികൾ ത്വരിതപ്പെടുത്തും.
ബാലരാമപുരം ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ ബാലരാമപുരത്ത് അനുഭവപ്പെടാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നിൽകണ്ട് വിഴിഞ്ഞം-കാട്ടാക്കട റോഡുകളെ ബന്ധിപ്പിച്ച് അടിപ്പാത നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
മന്ത്രിതല ചർച്ചക്ക് മുന്നോടിയായി പ്രദേശത്തെ എം എൽ എമാരെയും നിവേദകസംഘം സന്ദർശിച്ചു. ആക്‌ഷൻ കൗൺസിൽ പ്രസിഡൻറ് എ എസ് മോഹൻകുമാർ, ജനറൽ സെക്രട്ടറി എസ് കെ ജയകുമാർ, എസ് എസ് ലളിത്, കെ പി ഭാസ്കരൻ, അനിരുദ്ധൻ നായർ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.