Sun. Dec 22nd, 2024
വെഞ്ഞാറമൂട്:

വെഞ്ഞാറമൂട് കലാഗ്രാമത്തിൻ്റെ വാനമ്പാടിക്ക് പഠനത്തിലും നൂറുമേനി. ആലന്തറ, കിളിക്കൂട്ടിൽ ശിവപ്രസാദിന്റെയും സതിജയുടെയും മകളും വെഞ്ഞാറമൂട് ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ അവനിയാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. അർബുദത്തെ അതിജീവിച്ച്‌ കലോത്സവവേദികളിൽ നിറഞ്ഞു നിൽക്കുന്ന അവനി വെഞ്ഞാറമൂട്ടുകാരുടെ സ്വന്തം വാനമ്പാടിയാണ്.

ഒന്നുമുതൽ നാലുവരെ സബ് ജില്ലാ കലോത്സവത്തിനും അഞ്ചുമുതൽ ഏഴുവരെ ജില്ലാ കലോത്സവത്തിനും പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോഴാണ് അവനിയെ അർബുദം പിടിപെടുന്നത്. എന്നാൽ തോറ്റു കൊടുക്കാൻ അവനി തയ്യാറായിരുന്നില്ല. എട്ടാം ക്ലാസിൽ ഒരു മാസമാണ് അവനിക്ക് സ്കൂളിലെത്താൻ കഴിഞ്ഞത്. തുടർന്നങ്ങോട്ട് ചികിത്സയിലായിരുന്നു.

2019 ൽ കാസർകോഡ്‌ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിസംഗീതം, ശാസ്ത്രീയ സംഗീതം, പദ്യം ചൊല്ലൽ എന്നിവയ്ക്ക് എ ഗ്രേഡ് നേടി. എട്ടിലും ഒമ്പതിലും സ്കൂളിൽ പോയി പഠിക്കാനോ പരീക്ഷ എഴുതാനോ അവനിക്ക് കഴിഞ്ഞിരുന്നില്ല. ഏഴാം ക്ലാസിൽ പരീക്ഷ എഴുതിയശേഷം പത്താം ക്ലാസിലെ മോഡൽ പരീക്ഷയും പൊതു പരീക്ഷയും എഴുതാനാണ് അവനി സ്കൂളിൽ പോയത്.

എല്ലാ വിഷയത്തിനും എ പ്ലസ് നേടുമെന്ന അവനിയുടെ ദൃഢനിശ്ചയത്തിനുമുന്നിൽ അസുഖം വഴിമാറുകയായിരുന്നു. ഇതിനകം 35-ൽ പരം കീമോയാണ് ചെയ്തത്. 18ന് വീണ്ടും കീമോ തെറാപ്പിക്ക്‌ പോകണം.

എന്നാൽ ഇതൊന്നും പഠനത്തെയോ സംഗീതത്തെയോ ബാധിക്കാതെ കൊണ്ടുപോകുകയാണ്‌ ഈ കൊച്ചുമിടുക്കി. അർബുദത്തിനെതിരെ പടപൊരുതുന്ന ഓരോരുത്തർക്കും മാതൃകയായി മാറുകയാണ് അവനി.

By Divya