Wed. Jan 22nd, 2025

പെരുമ്പിലാവ് ∙

കടവല്ലൂർ പഞ്ചായത്തിൽ വില്ലന്നൂർ വാർഡിലെ കൊങ്ങണൂർ കെഎസ്ഇബി സബ് സ്റ്റേഷനു സമീപം ചാക്കു കണക്കിനു അറവു മാലിന്യങ്ങൾ തള്ളുന്നതിനാൽ പൊറുതിമുട്ടി നാട്ടുകാർ. ഒരു വണ്ടി നിറയെ മാലിന്യങ്ങൾ ഇന്നലെ രാത്രിയിലും തള്ളി.കനത്ത മഴയിൽ ഇവ ഒലിച്ചെത്തുന്നത് തൊട്ടടുത്തുള്ള ഭട്ടിമുറി ബാലനരസിംഹ ക്ഷേത്രത്തിന്റെ കുളത്തിലേക്കും സമീപത്തെ പാടത്തേക്കുമാണ്.

ഇതു കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണു നാട്ടുകാരുടെ ആശങ്ക. ഇതിനു പുറമേ തെരുവു നായ്ക്കളുടെ ശല്യവും പരിസരത്തു വർധിച്ചു.ആൾ താമസം കുറവുള്ള ഭാഗത്താണു മാലിന്യം തള്ളുന്നത്.

ഈ ഭാഗത്തെ തെരുവു വിളക്കുകൾ പ്രകാശിക്കാത്തത് സാമൂഹിക വിരുദ്ധർക്കു തുണയായി. ഇരുപതോളം തവണ പഞ്ചായത്തിനു പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.നാട്ടുകാർ മണിക്കൂറുകളോളം പരിശ്രമിച്ചാണു മാലിന്യങ്ങൾ നീക്കം ചെയ്തത്.

കോൺഗ്രസ് പ്രവർത്തകരായ എകെ മൊയ്തീൻകുട്ടി, വിവി ജയൻ, എംഎം കരീം, സിഎം കുമാരൻ, വിആർ സുധീഷ് കുമാർ കെകെ രതീഷ് എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി. ഈ ഭാഗത്ത് തെരുവു വിളക്കുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.

By Rathi N