Reading Time: 2 minutes

കൊച്ചി:

തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 44 വീടുകൾ തകർന്നു. 274 വീടുകൾക്ക്‌ ഭാഗികമായി നാശം സംഭവിച്ചു. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായി.

പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാല്ലൂർ വില്ലേജുകളിലാണ്‌ കൂടുതൽ നഷ്ടമുണ്ടായത്‌. കോട്ടുവള്ളി വില്ലേജിൽ 40 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലങ്ങാട്ട്‌ 122 വീടുകളും കരുമാല്ലൂരിൽ 18 വീടുകളും ഭാഗികമായി തകർന്നു.

50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. മൂവാറ്റുപുഴയിലെ ഏനാനെല്ലൂർ, കല്ലൂർക്കാട്, വാളകം പ്രദേശങ്ങളിൽ നിരവധി വീടുകൾ തകർന്നു. 12-ാം വാർഡിൽ രണ്ട് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു.

വാളകത്ത്‌ മണിയിരിക്കൽ ജോസിന്റെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു. തൊഴുത്ത് പൂർണമായും നശിച്ചു. 200 വാഴ, 10 ജാതി, റബർ ഉൾപ്പെടെ മറ്റു മരങ്ങളും കടപുഴകി.

തെക്കേവീട്ടിൽ ഔസേഫിന്റെ കുളിമുറിയും, ശുചിമുറിയും തകർന്നു. കുന്നേൽ സാബു, തെക്കേവീട്ടിൽ ഔസേഫ്, എൽദോസ് താമരശേരിയിൽ, ജോസഫ് തെക്കേവീട്ടിൽ, ബെന്നി കുന്നേൽ തുടങ്ങിയവരുടെ പുരയിടത്തിലും കൃഷിയിടത്തിലുമാണ് നഷ്ടമുണ്ടായത്. അങ്കമാലിയിലും തുറവൂരിലും നാശമുണ്ടായി.

തെങ്ങ് വീണ് എടലക്കാട് രണ്ടാം വാർഡിലെ കോച്ചാപ്പിള്ളി തേവൻ ബാബുവിന്റെ വീട്‌ തകർന്നു. വൈപ്പിനിൽ നായരമ്പലം വെളിയത്താംപറമ്പിൽ രണ്ട്‌ വീടുകള്‍ തകര്‍ന്നു. നാല് വീടുകള്‍ക്ക് ഭാഗിക കേടുപാടുണ്ടായി.

മത്സ്യബന്ധന വള്ളത്തിന്റെ ഓഫീസും മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെ ഡും തകര്‍ന്നു. കാലടിയിൽ കൃഷി നശിച്ചു. വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. കോലഞ്ചേരി, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ കോടികളുടെ നഷ്ടമുണ്ടായി.

20 വീടുകൾ തകർന്നു. നാനൂറിലധികം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. മരം വീണ് എറണാകുളം–തേക്കടി സംസ്ഥാന പാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻ ചോട്ടിൽ കാമിയിൽ അമ്പാട്ട് വീട്ടിൽ മുരളീധരന്റെ വീടിനുമേൽ തെങ്ങ്‌ വീണു.

ആലുവയിലെ മറ്റൂരിൽ വീടിനുമുകളിൽ മരം വീണ് ഭാഗികമായി തകർന്നു. കൊച്ചി താലൂക്കിൽ നായരമ്പലത്തും ഒരു വീട് ഭാഗികമായി നശിച്ചു. പെരുമ്പാവൂരിലും വീടുകൾ നിലംപൊത്തി. ജാതി, വാഴ തുടങ്ങിയവ നശിച്ചു.

കൂവപ്പടി, കൂടാലപ്പാട്, ഇടവൂർ, മുടക്കുഴ പഞ്ചായത്തിലും മരം വീണു. അറക്കമില്ലിലും പരിസരത്തും മരങ്ങൾ കടപുഴകി. വീടുകൾക്കും നാശമുണ്ടായി. കൊടുവേലിപ്പടിയിൽ വീടുകൾക്കു മുകളിലേക്കും വിവാഹ പന്തലിലേക്കും മരം വീണു.

പോത്താനിക്കാട് കൃഷിഭവനുകീഴില്‍ മൂന്ന് ഹെക്ടര്‍ സ്ഥലത്തെ വാഴ, കപ്പ, ചേന തുടങ്ങിയവ നശിച്ചു. 250 വാഴ, ഒരു ഹെക്ടറിലെ കപ്പ എന്നിവയാണ് നശിച്ചത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ജില്ലയിലെവിടെയും നിലവിലില്ല.

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മേഘങ്ങളുടെ ഘടനയിലുണ്ടാക്കുന്ന മാറ്റമാണ് അപ്രതീക്ഷിതമായുണ്ടാകുന്ന കാറ്റിന് കാരണമെന്ന് കുസാറ്റ് റഡാർ കേന്ദ്രം ഡയറക്ടർ ഡോ എസ് അഭിലാഷ് പറഞ്ഞു. മൺസൂൺ കാലത്ത് ഒരേ ദിശയിലുള്ള കാറ്റാണ് ഉണ്ടാകാറുള്ളത്. എന്നാ ൽ മേഘ ഘടനയിലെ മാറ്റം കാരണം വളരെ ഉയരത്തിൽ കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നുണ്ട്.

ഇതിൽനിന്ന് ഉണ്ടാകുന്ന കാറ്റാണ് കഴിഞ്ഞ ദിവസം എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണമായത്. പെട്ടെന്ന് രൂപപ്പെടുന്ന ഇതിന്റെ ദിശ പ്രവചിക്കാനാകില്ല. ഇപ്പോഴത്തെ മഴ രണ്ടു ദിവസംകൂടി തുടരുമെന്നും നിലവിൽ പ്രളയ സാധ്യതകളൊന്നുമില്ലെന്നും ഡോ അഭിലാഷ് പറഞ്ഞു.

Advertisement