Wed. Jan 22nd, 2025

പാലക്കാട്:

ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ യുവതിയും 3 മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നതു വീടിന്റെ സിറ്റൗട്ടിൽ. ഭർത്താവ് ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണന് (31) എതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വർഷം മുൻപാണു വിവാഹിതരായത്.

ഈ മാസം ഒന്നിനാണു പത്തനംതിട്ടയിൽ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. ഇൻസ്പെക്ടർ‍ എസി വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന കോടതി നിർദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു.

വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നൽകുമെന്നും കോടതി ഉത്തരവു ലഭിച്ചാ‍ൽ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും മനു കൃഷ്ണൻ പറയുന്നു.

By Rathi N