Thu. Dec 19th, 2024

കോഴിക്കോട്:

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന തുരങ്കപാതയുടെ ഡിപിആര്‍ കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ 658 കോടി രൂപ വകയിരുത്തിയ തുരങ്ക പാത പൂര്‍ത്തിയാക്കാനായി 2200 കോടി രൂപയോളം ചെലവിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടിലുളളത്. രണ്ടുവരി പാതയെന്ന നിര്‍ദ്ദേശമായിരുന്നു ആദ്യം ഉയര്‍ന്നതെങ്കിലും കൂടുതല്‍ അഭികാമ്യം നാലു വരി പാതയാണെന്ന നിര്‍ദ്ദേശവും കൊങ്കണ്‍ റെയില്‍വേ മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന ഉന്നതതല യോഗം റിപ്പോര്‍ട്ട് വിലയിരുത്തും.

താമരശേരി ചുരം കയറാതെ കേവലം എട്ട് കിലോമീറ്റര്‍ ദൂരമുളള പാതയിലൂടെ വയനാട്ടിലെത്താന്‍ കഴിയുന്നതാണ് ഈ ഹൈടെക് പാത. ഇതിൻറെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ടാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുളളത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ സ്വര്‍ഗ്ഗം കുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കളളാടിയില്‍ എത്തുന്നതാണ് തുരങ്കപാത.

പദ്ധതിയുടെ ഔപചാരിക ലോഞ്ചിംഗ് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചിരുന്നു. പരിസ്ഥിതി അനുമതി കിട്ടാത്ത, ഡിപിആര്‍ പോലും തയ്യാറാകാത്ത പദ്ധതയുടെ ഔപചാരികമായ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഏതായാലും ആറ് മാസത്തിലേറെ കാലം കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ആനക്കാംപൊയിലിലും കളളാടിയിലും ക്യാംപ് ചെയ്ത് നടത്തിയ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ഈ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്