Thu. Mar 28th, 2024

കോഴിക്കോട്:

കൊയിലാണ്ടിയിൽ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഷറഫിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘം അഷറഫിനെ കുന്നമംഗലത്ത് ഇറക്കി വിടുകയായിരുന്നു.സ്വർണക്കടത്ത് സംഘമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.വീട്ടിൽ നിന്നാണ് അഷറഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ഇന്നു രാവിലെ മൂന്നരയോടെ അഷറഫിനെ കുന്നമംഗലത്ത് ഇറക്കിവിടുകയായിരുന്നു. തുടർന്ന് കുന്നമംഗലം പൊലീസ് എത്തിയാണ് അഷറഫിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.അഷ്റഫിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ.

ഇന്ന് പുലർച്ചെ കുന്ദമംഗലത്ത് ഇറക്കിവിട്ട അഷ്റഫിന്റെ ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇയാളെ മാവൂരിലെ തടി മില്ലിലാണ് പാർപ്പിച്ചിരുന്നത്

അൽപ്പസമയത്തിനുള്ളിൽ കൊയിലാണ്ടി പൊലീസ് അഷറഫിനെ കസ്റ്റഡിയെലെടുക്കും. കൊടുവള്ളിയിൽ നിന്നുള്ള സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മുമ്പും സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞമാസമാണ് ഇയാൾ റിയാദിൽ നിന്ന് നാട്ടിലെത്തിയത്. അതിനു പിന്നാലെ അഷറഫ് കൊണ്ടുവന്ന സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ അടക്കം ചിലർ ഭീഷണിപ്പെടുത്തിയിരുന്നു.അതിന്‍റെ തുടർച്ചയായാണ് തട്ടികൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.