Mon. Nov 25th, 2024

കൊച്ചി:

ഹിൽപാലസ്‌ പുരാവസ്‌തു മ്യൂസിയത്തിന്റെ വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് പുരാവസ്‌തുവകുപ്പുമന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. തൃപ്പൂണിത്തുറ ഹിൽപാലസ്‌ മ്യൂസിയത്തിലെ നവീകരണ പദ്ധതികൾ വിലയിരുത്താനും ഗ്യാലറികൾ സന്ദർശിക്കാനും എത്തിയതായിരുന്നു മന്ത്രി. ഡിജിറ്റലൈസേഷനിലൂടെ സന്ദർശകർക്ക്‌ വിവരങ്ങൾ എളുപ്പത്തിൽ അറിയാനും മനസ്സിലാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്‌ച പകൽ 11 .30ന്‌ ഹിൽപാലസിലെത്തിയ മന്ത്രി കൊച്ചി രാജ്യഭരണത്തിന്റെ ആസ്ഥാനമായിരുന്ന കൊട്ടാരക്കെട്ടുകളും അവിടത്തെ ചരിത്ര ശേഷിപ്പുകളും നടന്നുകണ്ടു. രാജസദസ്സും സിംഹാസനവും കിരീടവും മറ്റു പ്രദർശനവസ്‌തുക്കളും കണ്ട മന്ത്രി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ചരിത്ര ഗ്യാലറിയും സന്ദർശിച്ചു.

മ്യൂസിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കിരീട ഗ്യാലറിയുടെ നവീകരണത്തിന്‌ തയ്യാറെടുപ്പുകൾ ആരംഭിക്കാമെന്ന് അറിയിച്ചു. ജലഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി പാസഞ്ചർ സർവീസുകൾവഴി ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ നേരിൽ കാണാനും അവസരം ഒരുക്കും.

അതിനായി ടൂറിസംവകുപ്പും തുറമുഖവകുപ്പും ചേർന്ന്‌ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ആലുവ അദ്വൈതാശ്രമവും മന്ത്രി സന്ദർശിച്ചു. അനൂപ്‌ ജേക്കബ് എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

By Rathi N