അടിമാലി:
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനായി ആരംഭിച്ച ‘വിദ്യാശ്രീ’ പദ്ധതി ഇഴയുന്നു. ജില്ലയിൽ 2415 വിദ്യാര്‍ത്ഥികളാണ് പണമടച്ച് ലാപ്ടോപ്പിനായി കാത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 1214 അപേക്ഷകരില്‍ ഇതുവരെ ലാപ്ടോപ് ലഭിച്ചത് 91 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം.
കുടുംബശ്രീ അംഗങ്ങൾക്ക് 30 തവണകളായി പണമടച്ച് ലാപ്ടോപ് സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയത്. 500 രൂപ വീതം മുടങ്ങാതെ മൂന്നുമാസം അടച്ചാൽ ലാപ്ടോപ് ലഭിക്കും. ബാക്കി തവണകള്‍ ലാപ്ടോപ് ലഭിച്ചശേഷം അടച്ച് പൂര്‍ത്തിയാക്കാം.
കുടുംബശ്രീ, കെ എസ് എഫ് ഇ എന്നിവയുടെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ ജനുവരിവരെ തവണകള്‍ പൂര്‍ത്തിയാക്കിയ 657 പേരില്‍ 91 പേര്‍ക്ക് മാത്രമാണ് ലാപ്ടോപ് നല്‍കിയത്.
ഈ മാസം ഉൾപ്പെടെ 10 തവണ അടച്ചിട്ടും ലാപ്ടോപ് കിട്ടാത്തവരുമുണ്ട്. ലാപ്ടോപ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ പഠന ആവശ്യത്തിനായി ഫോണോ മറ്റു സംവിധാനങ്ങളോ വാങ്ങാതിരുന്നതും പലര്‍ക്കും തിരിച്ചടിയായി. 500രൂപ വീതം 30 തവണകളായി 15,000 രൂപയാണ് ലാപ്ടോപ്പിനായി മുഴുവനായി അടയ്ക്കേണ്ടത്.
കൊക്കോണിക്സിൻ്റെ ലാപ്ടോപ്പുകളുമാണ് ഇതുവരെ വിതരണം ചെയ്തത്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായ വിധത്തില്‍ പ്രത്യേകം തയാറാക്കിയതാണിവ. പണമടച്ച എല്ലാവര്ക്കും ലാപ്ടോപ്പുകള് എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.
എന്നാല്‍, രണ്ടാംവര്‍ഷവും വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വലിയ വെട്ടിപ്പ് നടന്നതായും അര്‍ഹരായ പലരെയും ഒഴിവാക്കിയതായും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.