Sat. Apr 20th, 2024

തൃശൂർ:

സപ്ലൈകോ ഗോഡൗണുകളുടെ ഭരണകാര്യങ്ങളിൽ ചുമട്ടുതൊഴിലാളികൾ ഇടപെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ ചെയർമാന്റെ നിർദേശം. റേഷൻ ധാന്യങ്ങളുടെ സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കർശന നിർദേശം. ഗോഡൗൺ പ്രവർത്തിക്കുന്നതു കൃത്യമായാണോ എന്നു മാനേജർമാർ, ജൂനിയർ മാനേജർമാർ എന്നിവർ കൃത്യമായി പരിശോധിച്ചുറപ്പാക്കണമെന്നും നിർദേശമുണ്ട്.

എഫ്സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) വഴി നൽകുന്ന ഭക്ഷ്യധാന്യങ്ങൾ കീറിയ ചാക്കുകളിലും ഗുണനിലവാരമില്ലാത്ത വിധവും റേഷൻ വിതരണത്തിന് എത്തുന്നതു വിവാദമായതോടെയാണ് സപ്ലൈകോ ഇടപെടൽ. പൊട്ടിയ ചാക്കുകൾ തുന്നിച്ചേർക്കാനും നിലത്തുവീഴുന്ന ധാന്യങ്ങൾ മണ്ണു കലരാതെ വൃത്തിയാക്കി വീണ്ടും ചാക്കിൽ നിറയ്ക്കാനും ക്ഷുദ്രജീവികൾ കയറാതെ ഗോഡൗൺ വൃത്തിയായി സൂക്ഷിക്കാനും നടപടിയെടുക്കണം.

ഗോഡൗണിലെത്തുന്ന ധാന്യച്ചാക്കുകൾ കൃത്യമായി എണ്ണാൻ കഴിയുന്ന വിധം അടുക്കി സൂക്ഷിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കും. ഭരണകാര്യങ്ങളിൽ തൊഴിലാളി ഇടപെടലിന് സാഹചര്യം ഉണ്ടാക്കരുത്. ധാന്യത്തിന്റെ കാലപ്പഴക്കം ഓരോ ലോഡിലും വ്യക്തമാക്കണം. ഉപയോഗശൂന്യമായ ധാന്യം സംഭരിച്ചു വച്ചാൽ ഗോഡൗൺ ചുമതലക്കാരന്റെ വീഴ്ചയായി കണക്കാക്ക‍ി നടപടിയെടുക്കുമെന്നും ചെയർമാൻ അറിയിച്ചു.

By Rathi N