ഗുരുവായൂര്‍:
ക്ഷേത്രത്തിനുള്ളിലെ കിണറ്റില്‍നിന്ന് ലഭിച്ചത് തിരുവാഭരണമാണെങ്കില് കൂടുതല്‍ തൂക്കമുള്ള മറ്റ് രണ്ട് തിരുവാഭരണങ്ങള്‍ എവിടെയെന്ന ചോദ്യം ബാക്കി. 60 ഗ്രാം തൂക്കം വരുന്ന 24 നീലക്കല്ലുകളും രത്നങ്ങളുമടങ്ങിയ നാഗപടത്താലി, 45 ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മിമാല, 90 ഗ്രാം തൂക്കം വരുന്ന നീലക്കല്ലുമാല എന്നിവയാണ് 1985ല്‍ നഷ്ടപ്പെട്ടത്. ഇതില്‍ നാഗപടത്താലിയാണ് 2014ല്‍ ക്ഷേത്രത്തിനുള്ളിലെ മണിക്കിണര്‍ വറ്റിച്ചപ്പോള്‍ കണ്ടെടുത്തത്.
നഷ്ടപ്പെട്ട തിരുവാഭരണത്തെക്കുറിച്ച് കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്നതുപോലുള്ള ആഭരണമാണ് കിണറ്റില്‍ നിന്ന് കിട്ടിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തുടരന്വേഷണങ്ങള്‍ ദേവസ്വം ഭരണ സമിതി അംഗത്തിന്റെ നിലപാട് മൂലം തടസ്സപ്പെടുകയാണുണ്ടായത്.
അന്വേഷണം മുന്നോട്ടുപോയിരുന്നെങ്കില്‍ നഷ്ടപ്പെട്ട മറ്റ് തിരുവാഭരണങ്ങളെ സംബന്ധിച്ച ദുരൂഹത നീങ്ങുമായിരുന്നു. കിണറ്റില്‍ നിന്ന് ലഭിച്ച ആഭരണം സംബന്ധിച്ച് ദേവസ്വത്തിലും കോടതിയിലുമുള്ള രേഖകള്‍ വെച്ച് സൂക്ഷ്മപരിശോധന നടത്തുമെന്ന് ദേവസ്വം അന്ന് അറിയിച്ചിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. വിലപിടിപ്പുള്ള സാധനങ്ങളുടെയും ആഭരണങ്ങളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം നഷ്ടമായ സംഭവം മേല്‍ശാന്തിയായിരുന്ന കക്കാട് ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിച്ചത് യാതനകളുടെ ശരശയ്യ. കോടതി വിധി വഴി അഗ്നിശുദ്ധി നേടും വരെ കടുത്ത മനോവ്യഥയാണ് ദാമോദരന്‍ നമ്പൂതിരിയും കുടുംബവും അനുഭവിച്ചത്. തിരുവാഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിരുന്നെങ്കില്‍ യഥാര്‍ഥ പ്രതികള്‍ വെളിച്ചത്ത് വരുമായിരുന്നെന്നും ഇവര്‍ വിശ്വസിക്കുന്നു.
1985ല്‍ ആറ് മാസത്തെ മേല്‍ശാന്തി സ്ഥാനമൊഴിഞ്ഞ് തീയന്നൂര്‍ കൃഷ്ണന് നമ്പൂതിരിക്ക് സ്ഥാനം കൈമാറുമ്പോള്‍ വസ്തുവകകളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് മൂന്ന് ആഭരണങ്ങളുടെ കുറവ് കണ്ടത്. ഇതിന്റെ വിലയായി 50,000 രൂപ ദേവസ്വത്തിലടച്ചെങ്കിലും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. പൊലീസും കോടതിയും കേസുമായി ദിവസങ്ങള്‍ തള്ളിനീക്കാനായിരുന്നു വിധി.
ദാമോദരന്‍ നമ്പൂതിരിയേയും മക്കളായ ദേവദാസന് നമ്പൂതിരിയേയും സഹോദരന് പരമേശ്വരന് നമ്പൂതിരിയേയും ഡല്‍ഹിയില്‍ കൊണ്ടുപോയി നുണപരിശോധനക്ക് വരെ വിധേയരാക്കി. ദാമോദരന്‍ നമ്പൂതിരിയുടെ മകളുടെ വിവാഹം മുടങ്ങി. 1988ല്‍ ശബരിമലയില്‍ അഭിഷേകത്തിന് പോയപ്പോള്‍ അപഖ്യാതികള്‍ അവിടെയുമെത്തി.
ശബരിമലയിലേക്ക് ഊമക്കത്തുകളുടെ പ്രവാഹമായിരുന്നു. തന്ത്രിക്കും മേല്‍ശാന്തിക്കും ഓതിക്കന്മാര്ക്കും മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ശ്രീകോവിലില്‍ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടതിന് കാരണം മോഷണമല്ലെന്നും ചില കുടുംബങ്ങൾ തമ്മിലുള്ള സ്പര്ധയാണെന്നും പ്രചാരണമുണ്ടായിരുന്നു. 1989 മേയ് നാലിന് ദാമോദരന്‍ നമ്പൂതിരി മരിച്ചു.