Wed. Jan 22nd, 2025

നെല്ലിയാമ്പതി ∙

ചക്ക സൂക്ഷിച്ച വീടുകൾ തേടി‍ കാട്ടാന എത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഇന്നലെ പുലർച്ചെ 2.30ന് പുലയമ്പാറക്കടുത്ത് ഓറഞ്ച് ഫാം ജീവനക്കാരൻ ഷൺമുഖന്റെ വീട്ടിലെത്തിയ ഒറ്റയാൻ വീടിന്റെ മുൻവാതിൽ ചവിട്ടിത്തുറന്ന് മുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച ചക്കയെടുത്തു. കാട്ടാനയെ കണ്ടു ഭയന്ന ഷൺമുഖനും കുടുംബവും വീട്ടിനുള്ളിലേക്കു മാറിനിൽക്കുകയായിരുന്നു.

രാത്രി ബൈജുവിന്റെ വീട്ടിനു മുന്നിൽ എത്തിയ കാട്ടാന വീട്ടിൽ നിർത്തിയിട്ട ബൈക്കുകൾ മറിച്ചിടാൻ ശ്രമിച്ചു. നായ്ക്കളുടെ കുരകേട്ടു വാതിൽ തുറന്നു നോക്കിയപ്പോഴാണു കാട്ടാനയെ കണ്ടതെന്നു ബൈജു പറഞ്ഞു. കഴിഞ്ഞ ദിവസം കൂനംപാലത്ത് പത്രോസിന്റെ വീട്ടിലും സമാന രീതിയിൽ ചക്ക എടുത്തുകൊണ്ടുപോയ സംഭവമുണ്ടായി.

വീട്ടുവളപ്പുകളിലെ ചക്ക പറിച്ചുകൊണ്ടുപോകുന്നത് പതിവാണെങ്കിലും വീട്ടിനുള്ളിൽ കടന്നു ചക്ക എടുക്കുന്ന സംഭവം ആവർത്തിക്കുന്നത് ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്. കുറച്ചു ദിവസമായി പുലയമ്പാറ കവലയിലും ചന്ദ്രാമല തേയിലത്തോട്ടത്തിലും ഊത്തുക്കുഴി മേഖലയിലുമായി ചുറ്റിത്തിരിയുകയാണ് ഈ ഒറ്റയാൻ. കഴിഞ്ഞ ദിവസം ചന്ദ്രാമല സ്കൂളിന്റെ പടി തകർത്ത കാട്ടാന സെന്റ് മേരീസ് ഹോമിന്റെ മതിലും തകർത്തിരുന്നു.

By Rathi N