Fri. Nov 22nd, 2024

കൊച്ചി:

വ്യവസായ വാണിജ്യ നഗരിയായ കൊച്ചി ഇനി കേരളത്തിന്റെ അന്താരാഷ്‌ട്ര പ്രദർശന വിപണന കേന്ദ്രം കൂടിയാകും. വലിയ വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങൾപോലെ ചെറുകിട, പരമ്പരാഗത വ്യവസായങ്ങളുടെയും കാർഷിക മൂല്യവർധിത സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങൾക്കും ലോകവിപണി കണ്ടെത്താനുള്ള വേദിയായും ഇതുമാറും. പദ്ധതിപ്രദേശം മന്ത്രി പി രാജീവ്‌ തിങ്കളാഴ്ച സന്ദർശിച്ചു.

കാക്കനാട്ടെ 15 ഏക്കർ സ്ഥലത്താണ്‌ അന്താരാഷ്ട്ര നിലവാരത്തിൽ എക്സിബിഷൻ കം ട്രേഡ് സെന്ററും കൺവൻഷൻ സെന്ററും പണിതുയർത്തുക. കിൻഫ്രയുടെ ആഭിമുഖ്യത്തിൽ രണ്ടുഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്‌ 30 കോടി രൂപയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നു. രണ്ടാംഘട്ട വികസനത്തിനുള്ള സ്ഥലം മാറ്റിവയ്ക്കും.

വ്യവസായികൾക്കും മറ്റുമേഖലകളിലുള്ളവർക്കും പ്രയോജനകരമായവിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കാനും വേദി സഹായകരമാകും.

ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാകും കൊച്ചിയിലും കേന്ദ്രം ഉയരുക. കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ്, സെൻട്രൽ സോണൽ ഹെഡ് ടി ബി അമ്പിളി, കെഇബിഐപി സിഇഒ നികാന്ത് എന്നിവരും മന്ത്രിയോടൊപ്പം സന്ദർശനത്തിനെത്തി.

By Rathi N