Wed. Jan 22nd, 2025

ആലപ്പുഴ:

കടല്‍തീരത്തോട് ചേർന്ന് 50 മീറ്റർ പരിധിയിലുള്ള 20,000 വീടുകൾ പുനർഗേഹം പദ്ധതി വഴി മാറ്റി നിര്‍മിക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ. എസ്​എസ്​എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് മികവ്​-2020 സംസ്ഥാനതല വിതരണോദ്ഘാടനം പൊള്ളേത്തൈ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുനര്‍ഗേഹം പദ്ധതിയില്‍ 3000 വീടുകളുടെ നിർമാണം പൂർത്തിയാക്കി.

എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് എന്ന സ്വപ്നം ഈ സർക്കാർ യാഥാർഥ്യമാക്കും. തീരമേഖലയിലെ സ്കൂളുകളുടെ അടിസ്ഥാനസൗകര്യവും അക്കാദമിക നിലവാരവും വർധിക്കുകയാണ്​. ഫിഷറീസ് വകുപ്പിന് കീഴിൽ 36 സ്കൂളുകളുടെ കെട്ടിടം പണി പുരോഗമിക്കുന്നു.

മൂന്നുവർഷംകൊണ്ട് കേരളത്തിൽ 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ഹാച്ചറികള്‍ ആരംഭിക്കും. ആലപ്പുഴ ചെത്തി ഹാർബർ യാഥാര്‍ഥ്യമാകുകയാണ്. തീരസംരക്ഷണത്തിനായി 12,500 കോടിയുടെ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.

പിപി ചിത്തരഞ്​ജന്‍ അധ്യക്ഷത വഹിച്ചു. 318 എസ്​എസ്​എൽസി വിദ്യാർത്ഥികളും 104 പ്ലസ് ടു വിദ്യാർത്ഥികളുമാണ് സംസ്ഥാന വിദ്യാഭ്യാസ അവാർഡുകൾക്ക് അർഹത നേടിയത്. 5000 രൂപയുടെ കാഷ് അവാർഡും ഫലകവുമാണ്​ നൽകിയത്​. ജില്ലയിൽനിന്ന് 99 വിദ്യാർത്ഥികളെയാണ് ആനുകൂല്യത്തിന് തെരഞ്ഞെടുത്തത്.

ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെഡി മഹീന്ദ്രൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പിപി സംഗീത, മത്സ്യഫെഡ് മാനേജിങ്​ ഡയറക്ടർ ഡോ ലോറൻസ് ഹാരോൾഡ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജോസ് സിംസൺ, ജനപ്രതിനിധികളായ സരസകുമാർ, ഷീല സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പിഐ ഹാരിസ്, മത്സ്യഫെഡ് ജില്ല മാനേജർ ഡി. ലാലാജി, പൊള്ളേത്ത ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് പിഡി അന്നമ്മ എന്നിവർ സംസാരിച്ചു.

By Rathi N