Sun. Dec 22nd, 2024

തൃശൂർ:

ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാശ്രീ പദ്ധതി വഴി 7000 കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ കൈകളിലെത്തും. മുന്നൂറുപേർക്ക്‌ ലാപ്‌ ടോപ്‌‌ എത്തി. കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും കൈകോർത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ജില്ലയിൽ ഇതിനകം 7131 പേർ വിദ്യാശ്രീ ചിട്ടിയിൽ ചേർന്നു. മൂന്നുതവണ പണം അടച്ച 6463 പേർക്ക്‌ ലാപ്‌ടോപ്‌ ലഭിക്കാൻ പർച്ചേ‌സ്‌ ഓർഡർ അയച്ചു. ഓർഡർ അയച്ചാൽ 84 ദിവസത്തിനകം ലാപ്‌ടോപ്‌‌ കൈമാറാമെന്നാണ്‌ കമ്പനികളുമായുള്ള കരാർ. എന്നാൽ, കൊവിഡ്‌ പ്രതിസന്ധികൾമൂലം വിതരണം പൂർണമായിട്ടില്ല.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് ലിമിറ്റഡ് ചിട്ടിവഴി 500 രൂപവീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ വരുന്ന സൂക്ഷ്മ സമ്പാദ്യ പദ്ധതിയിൽ ചേരുന്നവർ മൂന്നാമത്തെ തവണ അടച്ചശേഷം ലാപ്‌ടോപ്‌ ആവശ്യമെങ്കിൽ അയൽക്കൂട്ടത്തെ അറിയിക്കാം. ഇതനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷൻ പ്രകാരമുള്ള ലാപ്‌ടോപ്‌ ഐടി വകുപ്പ് എംപാനൽ ചെയ്യുന്ന ഏജൻസികളിൽനിന്ന് ലഭ്യമാക്കുന്നു. 15,000 രൂപയിൽ കൂടുതൽ വിലവരുന്ന ലാപ്‌ടോപ്പാണ്‌ വാങ്ങുന്നതെങ്കിൽ ശേഷിക്കുന്ന സംഖ്യ ഉപഭോക്താവ്‌ അടയ്‌ക്കണം.

ചിട്ടി കൃത്യമായി അടയ്‌ക്കുന്നവർക്ക് പത്താം തവണയും ഇരുപതാം തവണയും തവണത്തുകയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ അടയ്ക്കും. പദ്ധതിയിൽ ചേരാൻ താൽപ്പര്യമുള്ള അയൽക്കൂട്ടാംഗങ്ങൾ ഉൾപ്പെട്ട അയൽക്കൂട്ടത്തിന്റെ പേരിൽ ബന്ധപ്പെട്ട കെഎസ്എഫ്ഇ ബ്രാഞ്ചിൽ സുഗമ അക്കൗണ്ട് (സേവിങ്‌സ് അക്കൗണ്ട്) തുടങ്ങി ആ അക്കൗണ്ട് മുഖേനയാണ് തവണകൾ അടയ്ക്കുന്നത്. ലാപ്‌ടോപ്‌ ആവശ്യമില്ലാത്തവർക്കും പദ്ധതിയിൽ ചേരാനാകും.

By Rathi N