Sun. Jan 12th, 2025

പാലക്കാട്:

വിശാലമായ ചില്ലു ജാലകത്തിലൂടെ സുന്ദരമായ പുറംകാഴ്‌ചകൾ ആസ്വദിക്കാം. പാട്ടു കേൾക്കാം. വൈ ഫൈയിലൂടെ അതിവേഗ ഇന്റർനെറ്റ്‌ ഉപയോഗിക്കാം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ട്രെയിനുകളിൽ ഏർപ്പെടുത്തുന്ന വിസ്റ്റഡോം കോച്ചുകളിൽ സൗകര്യങ്ങളേറെ.

കൊവിഡിനെ തുടർന്ന്‌ യാത്രക്കാർ കുറഞ്ഞതോടെയാണ് കൂടുതൽ പേരെ ആകർഷിക്കാനും ടൂറിസം സാധ്യത കണക്കിലെടുത്തും വിസ്റ്റഡോം കോച്ചുകൾ റെയിൽവേ സജ്ജമാക്കുന്നത്. വിസ്റ്റഡോം കോച്ചുകൾ ഘടിപ്പിച്ച മംഗലാപുരം- യശ്വന്ത്പൂർ വീക്കിലി സ്പെഷ്യൽ ട്രെയിനിന്റെ ആദ്യയാത്ര ഞായറാഴ്ച രാവിലെ 9.15ന് മംഗലാപുരത്തുനിന്ന് ആരംഭിച്ചു. യാത്രാ ട്രെയിനൊപ്പം വിനോദസഞ്ചാരികളെ കൂടി പങ്കാളിയാക്കി സർവീസ് ലാഭകരമാക്കുകയെന്ന ലക്ഷ്യമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

വീതികൂടിയ ജാലകത്തിലൂടെ പുറം കാഴ്‌ചകൾ ആസ്വദിക്കാമെന്നതാണ്‌ വിസ്റ്റഡോം കോച്ചുകളുടെ പ്രധാന സവിശേഷത. യാത്രക്കാർക്കായി കൂടുതൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. സീറ്റിന് സമീപം മൊബൈൽ ചാർജിങ്‌-വൈ ഫൈ സംവിധാനം,
പാട്ട്‌ കേൾക്കാൻ സൗകര്യം എന്നിവയുണ്ട്‌.

കംപാർട്ടുമെന്റുകളിലെ ഇരുവശത്തുമുള്ള യന്ത്ര വാതിലും കോച്ചിന്റെ പ്രത്യേകതയാണ്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള പബ്ലിക് അഡ്രസ് കം പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എൽഇഡി ഡെസ്റ്റിനേഷൻ ബോർഡ്, മൈക്രോ ഓവൻ, കോഫിമേക്കർ, റഫ്രിജറേറ്റർ, വാഷ് ബേസിൻ, സിസി ടി വി, അപകട സൂചന അറിയിക്കാൻ അലാറം എന്നീ സംവിധാനവും കോച്ചിലുണ്ടാകുമെന്ന് പാലക്കാട് ഡിവിഷൻ പിആർഒ എം കെ ഗോപിനാഥ് അറിയിച്ചു.

By Rathi N