Sun. Jan 19th, 2025

പാലക്കാട് ∙

ഇല്ലാത്ത കേന്ദ്രസർക്കാർ ആനുകൂല്യം തേടി ആളുകൾ കൂട്ടമായെത്തുന്നതോടെ പൊല്ലാപ്പിലായി അക്ഷയ കേന്ദ്രങ്ങൾ. പ്രധാനമന്ത്രിയുടെ കൊവിഡ് സപ്പോർട്ടിങ് സ്കീം എന്നപേരിൽ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതായും അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകണമെന്നുമാണു സമൂഹമാധ്യമങ്ങളിൽ ഓഡിയോ സന്ദേശം പ്രചരിക്കുന്നത്. വാർത്തയുടെ വസ്തുത തേടി അക്ഷയ കേന്ദ്രങ്ങളിലേക്കു വിളിക്കുമ്പോൾ പദ്ധതി ഉള്ളതാണെന്നു മറുപടി പറയുന്നതായി അനുബന്ധ ഓഡിയോകളും ഒപ്പമുണ്ട്.

ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും 10,000 രൂപ സ്കോളർഷിപ്പായി നൽകുമെന്ന സന്ദേശത്തിൽ അപേക്ഷയ്ക്ക് ഹാജരാക്കേണ്ട രേഖകളുടെ പട്ടികയും വിവരിക്കുന്നുണ്ട്.ഇതോടെ, നൂറുകണക്കിനു രക്ഷിതാക്കളാണു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ ദിവസവുമെത്തുന്നത്. അടുത്തിടെയായി സെന്ററുകളിലെത്തുന്ന ഫോൺകോളുകളിൽ ഭൂരിഭാഗവും ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്.

അക്ഷയയുടെയും ഐടി മിഷന്റെയും ലോഗോ സഹിതമുള്ള പോസ്റ്ററുകളും ഈ വ്യാജവാർത്ത പ്രചരിപ്പിക്കാനുപയോഗിക്കുന്നുണ്ട്. കൊവിഡ് ബാധിതരുള്ള പിന്നാക്ക വിഭാഗം കുടുംബങ്ങൾക്ക് പട്ടികജാതി– പട്ടികവർഗ വികസന വകുപ്പിൽനിന്ന് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതായും മുൻപ് വ്യാജസന്ദേശം സമൂഹമാധ്യമങ്ങളി‍ൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇത്തരം സന്ദേശങ്ങൾക്കെതിരെ ഐടി മിഷൻ അധികൃതർ മുന്നറിയിപ്പു നൽകുകയും ചെയ്തു.

കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രം പ്രവർത്തനാനുമതിയുള്ള സെന്ററുകളിൽ ഇത്തരം വ്യാജസന്ദേശങ്ങൾ വിശ്വസിച്ചെത്തുന്നവരുടെ തിരക്ക് ദിനംപ്രതി കൂടിവരുന്നത് സെന്ററിന്റെ പ്രവർത്തനംതന്നെ പ്രതിസന്ധിയിലാക്കുന്നതായി വടവന്നൂരിലെ അക്ഷയ കേന്ദ്രം സംരംഭകൻ എഅബ്ബാസ് പറഞ്ഞു. സന്ദേശങ്ങളിൽ പ്രചരിക്കുന്നതരത്തിൽ ഒരു സർക്കാർ ആനുകൂല്യവും അക്ഷയ കേന്ദ്രങ്ങൾവഴി നൽകുന്നില്ലെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസർ ജെറിൻ സി ബോബൻ അറിയിച്ചു.

By Rathi N