Wed. Jan 22nd, 2025

ചെങ്ങന്നൂർ:

വെൺമണി രണ്ടാംവാർഡിൽ കുതിരവട്ടംചിറയിൽ ആധുനിക അക്വാ ടൂറിസം പാർക്ക്‌ പദ്ധതിക്ക്‌ ധാരണ. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉന്നത ഫിഷറീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചിറ സന്ദർശിച്ചു. മത്സ്യകൃഷിക്കായി കേജ് ഫാമിങ്‌ യൂണിറ്റ്, നാടൻമത്സ്യം, മത്സ്യ വിത്തുൽപ്പാദനം നടത്തുന്നതിനായി ഹാച്ചറിയും അനുബന്ധ സൗകര്യങ്ങളുമുള്ള യൂണിറ്റ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടും.

മത്സ്യവിൽപ്പനയ്‌ക്കായി ഔട്ട്‌ലെറ്റും മത്സ്യം പാകം ചെയ്യുന്നതിന്‌ റെസ്‌റ്റോറന്റ് സംവിധാനവും ഒരുക്കും.പ്രദേശത്തെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും. സന്ദർശകർക്ക് വിശ്രമിക്കുന്നതിനും നടക്കുന്നതിനും സൈക്കിൾ ട്രാക്ക്, ജിം, ഡോർമിറ്ററി സൗകര്യങ്ങളൊരുക്കും.

ബയോ ഡൈവേഴ്സിറ്റി കൺസെർവേഷനുമായി ബന്ധപ്പെട്ട് മിയാവാക്കി വനവും പാർക്കിങ്‌ സൗകര്യവും കോൺഫറൻസ് ഹാൾ, ബോട്ടിങ്, ആംഗ്ലിങ്‌ ക്ലബ്‌ തുടങ്ങിയ സൗകര്യം ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കുന്നതിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

തീരദേശ വികസന കോർപറേഷൻ മാനേജിങ്‌ ഡയറക്‌ടർ ഷേയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജോയിന്റ്‌ ഡയറക്‌ടർ ഇഗ്നേഷ്യസ് മൺറോ, ഏജൻസി ഫോർ ഡെവലപ്മെന്റ്‌ ഓഫ് അക്വാ കൾച്ചർ കേരള ജോയിന്റ്‌ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ് മഹേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജെബിൻ പി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ്‌ ടി സി സുനിമോൾ, വൈസ്പ്രസിഡന്റ്‌ പി ആർ രമേശ്കുമാർ, ബി ബാബു, ബിന്ദു ഹരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

By Rathi N