Fri. Nov 22nd, 2024
ചിറ്റാർ:

കിഴക്കൻ വനമേഖലയിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. മുക്കം, കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, എയ്ഞ്ചൽവാലി, കണമല കോസ് വേകൾ പൂർണമായും വെള്ളത്തിനടിയിലായി.

മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. അരയാഞ്ഞിലിമണ്ണുകാർക്ക് രക്ഷയായിരുന്ന തൂക്കുപാലം തകർന്നത് കൂടുതൽ ദുരിതമായി. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്.

മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് സായിപ്പിൻകുഴി തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിൽ ഡാമിന്റെ സംഭരണ ശേഷിയോളം വെള്ളം ഉയർന്നു. തുടർന്ന് മുൻകരുതൽ എന്ന നിലയിൽ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തുകയും ശബരിഗിരിയിൽ വൈദ്യുതി ഉൽപ്പാദനം പൂർണതോതിൽ ആക്കുകയും ചെയ്തിരുന്നു.

സായിപ്പിൻകുഴി തോട്ടിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതോടൊപ്പം മണിയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണം അറിയിച്ചു.

By Divya