Wed. Jan 22nd, 2025
കോട്ടയം:

നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വനിതകൾ പിന്മാറുന്നു. 10 വനിതകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കുടുംബശ്രീയിൽ നിന്നു നഗരസഭയുടെ സഹകരണത്തോടെ 5 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

3 പേർ മാത്രമാണ് തുടരുന്നത്. മറ്റുള്ളവർ പൂർണമായും നിർത്തി. ഈരയിൽക്കടവ്, ചന്തക്കവല സ്റ്റാൻഡുകളിലാണ് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷകൾ ഇപ്പോഴുള്ളത്. കോവിഡ് കാരണമാണ് മറ്റുള്ളവർ സർവീസ് നിർത്തിയത്.

കുടുംബശ്രീ വലിയ പ്രതീക്ഷയോടെയാണ് ഈ രംഗത്തേക്കു വനിതകളെ കൊണ്ടുവന്നത്. 5 പേർക്കു ഡ്രൈവിങ് പരിശീലനത്തിന് പ്രചോദനമേകി. ഓട്ടോ വാങ്ങുന്നതിനു വായ്പ നൽകി. ‘സ്ത്രീ സൗഹൃദ ഓട്ടോ സർവീസ്’ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൂടുതൽ പേരും വായ്പ കുടിശിക വരുത്തി.

സർവീസ് വേണ്ടവിധം വിജയിച്ചില്ല. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ‘ഷീ ഓട്ടോ’ പദ്ധതിയുമായി സഹകരിക്കുന്നതിൽനിന്നു കുടുംബശ്രീ താൽക്കാലികമായി പിൻവാങ്ങി. തിരുനക്കര, ചന്തക്കവല, നാഗമ്പടം, കലക്ടറേറ്റിനു സമീപം, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് ഷീ ഓട്ടോ പരീക്ഷിച്ചത്.

By Divya