പട്ടാമ്പി:
റെസ്റ്റൊറൻറിലെ തൊഴിലാളികളെ തൃത്താല സിഐ ഉൾപ്പെടെ പൊലീസുകാർ മർദിച്ചതായി പരാതി. തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ കൂറ്റനാട് റോഡിലെ പെട്രോൾ പമ്പിന് എതിർവശത്തെ ഫുഗൾ സ്റ്റോറീസ് റെസ്റ്റൊറൻറിലെ തൊഴിലാളികൾക്കാണ് പൊലീസുകാരുടെ മർദനമേറ്റത്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കടയുടെ പിറകിലൂടെ വന്ന പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ, രണ്ടു മണിക്ക് ശേഷം ഹോട്ടൽ എന്തിന് തുറന്നു എന്ന് ചോദിച്ചു മർദനം തുടങ്ങുകയായിരുന്നു എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഏഴു വരെ ഹോട്ടൽ തുറക്കാൻ ഹെൽത്ത് ഡിപ്പാർട്ട്മെൻറിൻെറ അനുമതി ഉണ്ടെന്നും, ഏഴിന് അടച്ച ശേഷം ഹോട്ടലിനകത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കവെ ആണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഹോട്ടൽ ജീവനക്കാർക്ക് നേരെ പൊലീസ് മർദനം ഉണ്ടായതെന്നും ഉടമ പറയുന്നു.
വിഷയത്തിൽ എസ്പി, ഡിവൈ.എസ്പി, കലക്ടർ, നിയമസഭാ സ്പീക്കർ കൂടി ആയ സ്ഥലം എം.എൽ.എ എന്നിവർക്ക് പരാതി നൽകുമെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.
എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ലെന്നും പ്രദേശം ഡി കാറ്റഗറി ആയതുകൊണ്ട് ഉച്ചക്ക് രണ്ടു വരെ മാത്രമേ അനുമതി ഉള്ളൂ എന്നും എട്ടര കഴിഞ്ഞിട്ടും കട അടക്കാതിരുന്നതിനാൽ അടപ്പിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നും മറ്റു കാര്യങ്ങൾ ഇല്ലാത്തതാണെന്നുമാണ് തൃത്താല സിഐ വിജയകുമാർ പറയുന്നത്.