Sun. Dec 22nd, 2024
ഇടുക്കി:

നായാട്ടുകാർ ഒരുക്കുന്ന കുരുക്കിൽ അവരെ കുരുക്കി പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ജൂലിയും ജെനിയും ജൈത്ര യാത്ര തുടരുകയാണ്. സേവനത്തിന്റെ 4 വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ അവരുടെ മികവിൽ വനം വകുപ്പ് തെളിയിച്ചത് 13 കേസുകളാണ്. പെരിയാർ വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിന് നടുവിലുള്ള പച്ചക്കാനം എസ്റ്റേറ്റിൽ മൃഗവേട്ട നടക്കുന്നതായി വിവരം ലഭിച്ച വനപാലകർ ജൂലിയുടെയും ജെനിയുടെയും സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.

വനപാലകരുടെ അന്വേഷണത്തിൽ എസ്റ്റേറ്റിനുള്ളിൽ മൃഗങ്ങളെ പിടികൂടാൻ കുരുക്ക് വച്ചിരിക്കുന്നത് കണ്ടെത്തി. കുരുക്കിന്റെ മണം പിടിച്ച് ജൂലി തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുന്നിലാണ് എത്തിയത്. ആരാണ് കുരുക്ക് വച്ചതെന്ന അറിയില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികൾ.

ഇതര സംസ്ഥാന തൊഴിലാളികളായ ഇവരെ ലയത്തിന് പുറത്തുനിർത്തിയ ശേഷം ഒരിക്കൽക്കൂടി ജൂലിയെ കുരുക്കിന്റെ മണം പിടിപ്പിച്ച് വിട്ടതോടെ കൂടിനിന്ന തൊഴിലാളികളിൽ ഒരാളുടെ കയ്യിൽ ജൂലി പിടികൂടി. ഭയന്നുപോയ തൊഴിലാളി കുറ്റം സമ്മതിച്ചു. മാത്രമല്ല, തന്റെ കൂട്ടുപ്രതികളുടെ പേരുകളും വെളിപ്പെടുത്തി.

മറ്റൊരിക്കൽ വനാതിർത്തിയിൽ പട്രോളിങ് നടത്തുമ്പോൾ കണ്ടെത്തിയ കുരുക്കിനെ പിന്തുടർന്ന് സമീപത്തെ വീടിന്റെ അടുക്കളയിൽ നിന്ന് മ്ലാവിന്റെ ഇറച്ചി കണ്ടെത്തിയ സംഭവം വനപാലകരെ പോലും അത്ഭുതപ്പെടുത്തി.

ഒരിക്കൽ ഒരു കൂട്ടം കുട്ടികൾ കഞ്ചാവിന്റെ ലഹരി നുകർന്നിരിക്കുമ്പോഴാണ് ജൂലിയും ജെന്നിയുമായി പരിശീലകൻ ഇതുവഴിയെത്തിയത്. ഇവരെ കണ്ടതോടെ കുട്ടികൾ ഓടിമറഞ്ഞു. പരിസരത്ത് നടത്തിയ പരിശോധനയിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ കഞ്ചാവ് ബീഡിയുടെ ഭാഗം കിട്ടി. അതിന്റെ മണം പിടിച്ച് മുന്നോട്ട് ഓടിയ ജൂലി കുറെ ദൂരെ ഒന്നുമറിയാത്ത ഭാവത്തിൻ നിന്നിരുന്ന കുട്ടികളിൽ ഒരാളെ പിടികൂടി.

കള്ളം പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്ന ബോധ്യമായതോടെ ഇവർ കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത ഇവരെ ഉപദേശിച്ച് പറഞ്ഞയച്ച ശേഷമാണ് വനപാലകർ മടങ്ങിയത്. ഗ്വാളിയാറിൽ ബിഎസ്എഫ് ക്യാംപിൽ 9 മാസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് 2016ൽ ജൂലിയെ വനപാലകർ തേക്കടിയിലെത്തിച്ചത്. ജൂലിയുടെ സംരക്ഷണവും തുടർപരിശീലനവും ഉറപ്പാക്കാൻ തേക്കടിയിലെ വാച്ചറായ കെ ആർ ശേഖറിനെ ഗ്വാളിയാറിലേക്കയച്ച് ജൂലിക്കൊപ്പം പരിശീലനം നൽകി.

ജൂലിയെ തേക്കടിയിലെത്തിച്ച ശേഷം ജെനിയെ വാങ്ങി പരിശീലനം നൽകുകയായിരുന്നു. ഒരു ദിവസം 600 ഗ്രാം മട്ടൺ, 400 ഗ്രാം അരി, 200 ഗ്രാം പെഡിഗ്രി, 300 ഗ്രാം വെജിറ്റബിൾ എന്നിവയാണ് ഇവരുടെ മെനു, പെരിയാർ വന്യജീവിസങ്കേതം ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു, അസി. ഫീൽഡ് ഡയറക്ടർ മനു സത്യൻ, തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഡോഗ് സ്ക്വാഡിന്റെ പ്രവർത്തനം.

By Divya