Wed. Jan 22nd, 2025

ആലപ്പുഴ ∙

സിക വൈറസിനെ തടയാൻ കനത്ത ജാഗ്രതാ നടപടികളുമായി ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പരിശീലനവും ബോധവൽക്കരണവും നൽകിക്കഴിഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിൽ ഓരോ വാർഡും കേന്ദ്രീകരിച്ച് ഗർഭിണികൾക്കു പ്രത്യേക കരുതലൊരുക്കും.

ഡ്രൈ ഡേ ആചരണത്തിനു പുറമേ, ഗർഭിണികളുടെ വീടും പരിസരവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാനും കൊതുകു സാന്ദ്രത കണ്ടുപിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊതുകു സാന്ദ്രതയുടെ അളവുകോലാണ് ബ്രിട്ടോ ഇൻഡക്സ്. ഇതു പത്തിൽ കൂടുതലായാൽ കൂടുതൽ ജാഗ്രത പാലിക്കണം.

ഓരോ വർഷവും ഇത്തരത്തിൽ ബ്രിട്ടോ ഇൻഡക്സ് ജില്ലയിൽ തയാറാക്കാറുണ്ട്. ഇത്തവണ മേഖലകൾ കേന്ദ്രീകരിച്ചു കൂടുതലായി കൊതുകു സാന്ദ്രത കണ്ടുപിടിക്കാനാണു തീരുമാനം. ജില്ലയിൽ മുഹമ്മ പ‍ഞ്ചായത്തിലും മാവേലിക്കര നഗരസഭയിലും ഈഡിസ് കൊതുകുകളുടെ സാന്നിധ്യം കൂടുതലാണെന്നാണു റിപ്പോർട്ട്.

നിലവിൽ ജില്ലയിൽ സിക വൈറസ് ബാധിതരില്ല. വൈറസ് സാന്നിധ്യം തിരിച്ചറിയാൻ പുണെയിലെ ലാബിലേക്കാണ് സാംപിളുകൾ അയയ്ക്കേണ്ടത്. അതിനാൽ, കൊവിഡ് സാംപിളുകൾ ആദ്യ സമയത്ത് അയച്ചിരുന്ന അതേ വേഗത്തിൽ സാംപിളുകൾ അയയ്ക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

By Rathi N