Wed. Jan 22nd, 2025

ആലപ്പുഴ:

വൈദ്യുതി ഇല്ലാത്തതിനാൽ ഓ​ൺ​ലൈ​ൻ പ​ഠ​നം നടക്കുന്നില്ലെന്ന മൂന്നാം ക്ലാസുകാരന്റെ പരാതിക്ക്‌ നാലുദിനംകൊണ്ട്‌ പരിഹാരം. പട്ടണക്കാട് ആറാട്ടുവഴി മാണിയാംപൊഴിയിൽ എം സി പ്രിൻസിന്റെ മകൻ അലൻ പ്രിൻസാണ്‌ മന്ത്രി പി പ്രസാദിന്‌ പരാതി നൽകിയത്‌. കണക്ഷനൊപ്പം സ്വിച്ച്‌ ഓണിന് മന്ത്രിയുമെത്തിയതോടെ അലന്‌ ഇരട്ടി സന്തോഷം.

പഠനസൗകര്യം ആവശ്യപ്പെട്ട്‌ സ്‌കൂൾ ഹെഡ്മാസ്‌റ്റർ മുഖേനയാണ്‌ അലൻ പരാതി നൽകിയത്‌. പട്ടണക്കാട് സെക്ഷൻ ഓഫീസിലെ അസി എൻജിനീയർ ടി പ്രദീപിനോട്‌ അടിയന്തര നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി. മൂന്ന് പോസ്‌റ്റ്‌ നാട്ടി 15 മീറ്റർ ലൈൻ വലിച്ചാണ്‌ വെളിച്ചമെത്തിച്ചത്‌‌.

പണി പൂർത്തിയാകാത്ത വീട്ടിലേക്ക്‌ സൗജന്യമായാണ്‌ ലൈൻ വലിച്ചത്‌. ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജയ പ്രതാപൻ, ഒറ്റമശേരി സെന്റ് ജോസഫ് എൽപി സ്‌കൂൾ പ്രധാനാധ്യാപിക ഒ ബി സോണിയ, അധ്യാപകൻ എം എച്ച് മാർട്ടിൻ, കെഎസ്ഇബി. സുപ്രണ്ട് എം എ ഷിബു എന്നിവരുമെത്തി.

By Rathi N