Sat. Nov 23rd, 2024
തിരുവാർപ്പ്‌/ഏറ്റുമാനൂർ:

ദീനാനുകമ്പയുടെ പ്രതീകമായി ജനങ്ങൾക്കൊപ്പം സഞ്ചരിച്ച്‌ പ്രതിസന്ധികളിൽ തണലാകുന്ന യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപൻ ബിഷപ്‌ തോമസ് മോർ അലക്സന്ത്രയോസ് അമ്പതാം പിറന്നാൾ ആഘോഷത്തിലും വ്യത്യസ്‌ത മാതൃക പിന്തുടർന്നു. കയറിക്കിടക്കാൻ വീട്‌ നിർമിച്ചുനൽകിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിയുമായിരുന്നു പിറന്നാൾ ആഘോഷം.

പ്രളയത്തിൽ വീട്‌ നഷ്ടമായ കാഞ്ഞിരം മലരിക്കൽ സ്വദേശി അടിവാക്കൽ ഷാജിക്കും കുടുംബത്തിനും വീടൊരുക്കാനാണ്‌ ബിഷപ്പിന്റെ സഹായഹസ്‌തം തുണച്ചത്‌. വീടിന്റെ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു. തുടർന്നായിരുന്നു അഭയത്തിനൊപ്പം അശരണരുടെയിടയിലേക്ക്‌ പോയത്‌.

അഭയം ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഉച്ചഭക്ഷണത്തിന്റെയും കോവിഡ് രോഗികൾക്കുളള മൂന്നുനേരം ഭക്ഷണത്തിന്റെയും ഒരുദിവസത്തെ മുഴുവൻ ചെലവും ബിഷപ്‌ നൽകി. പായസമുൾപ്പെടെയായിരുന്നു വിളമ്പിയത്‌. മെഡിക്കൽ കോളേജിലെത്തി ബിഷപ്‌ തന്നെ ഭക്ഷണം വിളമ്പാനും നേതൃത്വം നൽകി.

കുടമാളൂരിലെ അഭയം അടുക്കളയിൽ നിന്നായിരുന്നു ബിഷപ്പിന്റെ പിറന്നാൾ സദ്യ. മെഡിക്കൽ കോളേജിൽ നടന്ന ഭക്ഷണ വിതരണത്തിൽ അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, അഭയം ഏറ്റുമാനൂർ ഏരിയ ചെയർമാൻ കെ എൻ വേണുഗോപാൽ, സിപിഐ എം ജില്ലാ കമ്മറ്റിയംഗം എം എസ് സാനു എന്നിവരും പങ്കെടുത്തു.

ഗാന്ധിനഗർ ആശ്രയയ്‌ക്കും ബിഷപ്പിന്റെ കാരുണ്യസ്‌പർശം ലഭിച്ചു. തിരുവാർപ്പ്‌ മാധവശേരി കോളനിയിൽ ഓൺലൈൻ പഠനത്തിനായി മൂന്ന്‌ കുട്ടികൾക്ക്‌ മൊബൈൽ ഫോണുകളും രോഗികൾക്ക്‌ മരുന്നുവിതരണവും നിർവഹിച്ചാണ്‌ പിറന്നാൾദിനം അവിസ്‌മരണീയമാക്കിയത്‌. മറ്റെന്നാൾ മുംബൈയിലേക്ക്‌ മടങ്ങുന്ന ബിഷപ്‌ മൂന്നാഴ്‌ചയ്‌ക്കുശേഷം തിരികെ നാട്ടിലെത്തും.

മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്‌റ്റിനും ബിഷപിന്‌ പിറന്നാളാശംസകൾ അറിയിച്ചു.

By Divya