Sat. Apr 20th, 2024
കോഴഞ്ചേരി:

കാരംവേലി ഗവ എൽ പി സ്കൂളും ഹൈടെക്കാകുന്നു. നിർമാണം അവസാന ഘട്ടത്തിൽ. വയറിങും മുറ്റം ഒരുക്കലും മാത്രം ബാക്കി. എഴുപതുലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഭൗതിക സാഹചര്യങ്ങളുമായി കുരുന്നുകളുടെ സരസ്വതി ക്ഷേത്രം ഉയരുന്നത്.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആറൻമുള മണ്ഡലത്തിലെ ഒരു വിദ്യാലയം കൂടി അന്തരാഷ്ട്ര നിലവാരത്തിലാകും. ജില്ലയിൽ ഓരോ ക്ലാസിലും രണ്ട്‌ ഡിവിഷൻ വീതമുള്ള അപൂർവം എൽപി സ്കൂളുകളിൽ ഒന്നാണിത്‌. നൂറ്റിപ്പത്ത് വർഷത്തെ പഴക്കമുണ്ട്. ഒന്ന്‌ മുതൽ നാല്‌ വരെ ക്ലാസുകളിലായി 262 കുരുന്നുകൾ ഇവിടെ പഠിക്കുന്നു.

പഠനത്തിൽ, സ്പോർട്‌സിൽ, ശാസ്ത മേളകളിൽ, കലാമത്സരങ്ങളിൽ എല്ലാം ഇവർ മുന്നിലാണ്. ഈ സർഗാത്മകത തിരിച്ചറിഞ്ഞ നാട്ടുകാർ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് വിടപറഞ്ഞാണ് കുഞ്ഞുങ്ങളെ ഇവിടെ ചേർക്കുന്നത്. പ്രഥമാധ്യാപിക ശ്യാംലതയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ ഒരു പറ്റം അധ്യാപകരുടെ നിതാന്ത പരിശ്രമമാണ് അസൂയാവഹമായ വളർച്ചക്ക് കാരണം.

കാലപ്പഴക്കം ചെന്ന പഴയ പ്രധാന കട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. വിസ്താരം ഏറെയുള്ള മുറികൾ. വെളിച്ചവും ശുദ്ധവായുവും സമൃദ്ധമായി ലഭിക്കാൻ ഓരോ മുറിക്കും നാലു വീതം ജനലുകൾ. വിശാലമായ വരാന്ത.

തറ ടൈൽ ഇട്ട് മനോഹരമാക്കിയിരിക്കുന്നു. വികസിത രാജ്യങ്ങളിലെ സ്കൂൾ കെട്ടിടങ്ങളെപ്പോലും പിന്നിലാക്കുന്ന സൗകര്യവും സൗന്ദര്യവുമാണ് ക്ലാസ് മുറികൾക്ക്. സമീപകാലത്ത് പണിത ക്ലാസ് മുറികൾ വേറെയുണ്ട്.

By Divya