Wed. Jan 22nd, 2025

ആലത്തൂർ:

ഭിന്നശേഷിക്കാരനായ പ്രകാശിന് തൊഴിൽ ചെയ്തു ജീവിക്കാൻ വാഹനവും വഴിയും വേണം. എരിമയൂർ കൂട്ടാല കണ്ണമ്പുള്ളി പ്രകാശിനാണ് തന്റെ ജീവിതമാർഗമായ പെട്ടിക്കടയിലേക്കു പോകുന്നതിനു വാഹനത്തിനും വഴിക്കും വേണ്ടി അധികൃതരുടെ കനിവു തേടുന്നത്. രക്തയോട്ടം നിലച്ചതിനെ തുടർന്ന് 2 വർഷം മുൻപാണ് പ്രകാശിന്റെ കാല് മുട്ടിനു മുകളിൽ വച്ച് മുറിച്ചു നീക്കിയത്.

ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നതിന് കണ്ണമ്പുള്ളിയിലെ പെട്ടിക്കടയാണ് ഏക ആശ്രയം. ക്രച്ചസിന്റെ സഹായത്തോടെയാണ് ഒരു കിലോമീറ്ററിലധികം സഞ്ചരിച്ച് ദിവസവും കടയിൽ എത്തുന്നത്.വീട്ടിൽ നിന്ന് പഞ്ചായത്തു റോഡു വരെ എത്തുന്ന വഴി വളരെ ദുർഘടമാണ്. .അവിടെ നിന്ന് ഒരു കിലോ മീറ്റർ ദൂരെയാണ് പെട്ടിക്കട.

2 നേരവും ഇത്രദൂരം നടക്കേണ്ടി വരുന്നു. മുച്ചക്ര വാഹനത്തിന് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് പ്രകാശ് പറയുന്നു. ഇപ്പോൾ പഞ്ചായത്ത് അധ്യക്ഷന് നേരിട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വാഹനം ലഭിച്ചാൽ തന്നെ അത് വീട്ടിലെത്തിക്കാനുള്ള വഴിയാണ് പ്രകാശ് നേരിടുന്ന അടുത്ത വെല്ലുവിളി.

സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉൾപ്പെടുന്നതിനാൽ റോഡ് നിർമാണത്തിനു പഞ്ചായത്തിനും പരിമിതികളുണ്ട്. വാഹനത്തിനുള്ള അപേക്ഷ ഉടൻ പരിഗണിക്കുമെന്നും വഴിയുടെ കാര്യം പരിശോധിക്കുമെന്നും പഞ്ചായത്ത് അധ്യക്ഷൻ എ പ്രേമകുമാർ അറിയിച്ചു.

By Rathi N