Fri. Nov 22nd, 2024

കാക്കനാട്∙

ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ. പുതിയ കലക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീൻ ഒരു വർഷമായി എറണാകുളം കലക്ടറേറ്റിൽ ജില്ല ഡവലപ്മെന്റ് കമ്മിഷണറാണ്. കലക്ടറേറ്റിൽ ഐഎഎസ് ദമ്പതികൾ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്നത് ഇതാദ്യം.

ജാഫർ മാലിക് കലക്ടറായി ചുമതലയേൽക്കുന്നതോടെ ജില്ലയുടെ വികസന കാര്യങ്ങൾ ഐഎഎസ് ദമ്പതികൾക്ക് ഇനി കുടുംബകാര്യം കൂടിയായി. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്നാണ് ജാഫർ മാലിക് എറണാകുളം കലക്ടറാകുന്നത്. അഫ്സാനയ്ക്കും ഇതോടൊപ്പം അധിക ചുമതലകൾ നൽകിയിട്ടുണ്ട്.

സ്മാർട് സിറ്റി മിഷന്റെയും മെട്രൊപൊലീറ്റൻ ട്രാൻസ്പോർട് അതോറിറ്റിയുടെയും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുടെ ചുമതലകളും അഫ്സാന വഹിക്കും. വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ ചുമതലയും അഫ്സാനയ്ക്കാണ്. രാജസ്ഥാൻ സ്വദേശിയാണ് ജാഫർ മാലിക്.

അഫ്സാന പർവീൻ ജാർഖണ്ഡ് സ്വദേശിയും. മലപ്പുറം കലക്ടറായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ജാഫർ മാലിക് എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ഏൽക്കുന്നത്. അമാൻ മാലിക് ആണ് മകൻ.

By Rathi N