Fri. Nov 22nd, 2024

പെരുമ്പാവൂർ:

ഔഷധി കവലയിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യോഗം വിളിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ, പൊലീസ്,വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയായിരിക്കും യോഗം. തിയതി നിശ്ചയിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരിയായ യുവതി സ്കൂട്ടറിൽ പോകുമ്പോൾ ടിപ്പർ ഇടിച്ചു മരിച്ചതിനെത്തുടർന്നാണു ജംക്‌ഷൻ അപകടരഹിതമാക്കണമെന്ന ആവശ്യം ശക്തമായത്. എംസി റോഡിൽ നിന്നു കെ ഹരിഹരയ്യർ റേഡിലേക്കു തിരിയുന്ന ഭാഗത്താണു പലപ്പോഴും അപകടം ഉണ്ടാകുന്നത്. വളവിലെ വീതി വർധിപ്പിക്കൽ, തടസ്സങ്ങൾ നീക്കൽ, വേഗം കുറയ്ക്കൽ തുടങ്ങിയവ നടപ്പാക്കണമെന്നാണ് ആവശ്യം.

സിഗ്നലിൽ അനുമതി ലഭിക്കുന്ന വാഹനങ്ങൾ അമിത വേഗത്തിലാണു കെ ഹരിഹരയ്യർ റോഡിലേക്കു പ്രവേശിക്കുന്നത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പ്രവർത്തിക്കുന്ന കവലയാണ് എംസി റോഡിലെ ഔഷധി കവല. ട്രാഫിക് ഐലൻഡിനോടു ചേർന്നുള്ള വീതി കുറഞ്ഞ വഴിയിലൂടെയാണു ടിപ്പറുകളും ബസുകളും കെ ഹരിഹരയ്യർ( ടെംപിൾ റോഡ്) റോഡിലേക്കു പ്രവേശിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ്, പൊലീസ്, നഗരസഭ എന്നിവയുടെ സംയുക്ത ഇടപടലിലൂടെ മാത്രമേ അപകടം കുറയ്ക്കാൻ കഴിയുയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിഗ്നൽ ലൈറ്റുകൾ വർഷങ്ങളായി പ്രവർത്തിക്കാത്ത ജംക്‌ഷനാണിത്.

By Rathi N