Fri. Nov 22nd, 2024

അയ്യമ്പുഴ∙

ഗിഫ്റ്റ് സിറ്റി പദ്ധതിക്കു സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ പബ്ലിക് ഹിയറിങ്ങുമായി മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ കട്ടിങ് മുതൽ പബ്ലിക് ഹിയറിങ് നടക്കുന്ന അയ്യമ്പുഴ പഞ്ചായത്ത് ഓഫിസ് വരെ നടന്നു പ്രതിഷേധിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്നവരും പദ്ധതി പ്രദേശത്തെ ആശ്രയിച്ചു കഴിയുന്നവരുമാണു നടപ്പുസമരത്തിൽ പങ്കെടുത്തത്.

പദ്ധതി പ്രദേശത്തോടു ചേർന്നു കിടക്കുന്ന ജനവാസമേഖലയല്ലാത്ത 422 ഏക്കർ സർക്കാർ പുറമ്പോക്കു ഭൂമി പദ്ധതിക്ക് ഏറ്റെടുക്കുന്ന കാര്യം ചർച്ച നടത്താമെന്നു വ്യവസായ മന്ത്രി ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. പ്രദേശവാസികളുടെ എതിർപ്പു പരിഗണിക്കാതെ പദ്ധതി പ്രദേശത്തെ താമസക്കാരല്ലാത്ത ഭൂവുടമകളുടെ അഭിപ്രായം മാത്രം ശേഖരിച്ചു പദ്ധതി അനുകൂല റിപ്പോർട്ടാണു വിലയിരുത്തൽ സംഘം സമർപ്പിച്ചതെന്ന ആരോപണമുണ്ട്. ഏതെല്ലാം ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്നു കൃത്യമായി അറിയില്ലെന്നു പഠന റിപ്പോർട്ടിൽ പറയുന്നു. പബ്ലിക് ഹിയറിങ്ങിൽ പങ്കെടുക്കേണ്ടത് ആരൊക്കെയാണെന്നു വ്യക്‌തമാക്കാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്നു ജനകീയ മുന്നേറ്റ സമിതി പറയുന്നു.

കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കു പ്രതികരിക്കാൻ പോലും അവസരം നൽകാതെ തിരക്കിട്ടു ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.പദ്ധതി പ്രദേശത്തു വാർഡ്‌ തലത്തിൽ ചേർന്ന 3 ഗ്രാമസഭകളും എതിർത്ത പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ നഷ്ടപ്പെടുന്നതു ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. പദ്ധതി പ്രദേശത്തെ താമസക്കാരല്ലാത്ത ഭൂവുടമകളുടെ അഭിപ്രായം മാത്രം സ്വീകരിച്ചു മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും ജനകീയ മുന്നേറ്റ സമിതി കൺവീനർ ബിജോയി ചെറിയാൻ, ജോസ് ചുള്ളിക്കാരൻ എന്നിവർ പറഞ്ഞു.

വാർഡ് മെംബർമാരായ ലൈജു ഈരാളി, ജയ ഫ്രാൻസിസ്, കൊല്ലക്കോട്, അമലാപുരം ഇടവക വികാരിമാരായ ഫാ ബിജോയി പാലാട്ടി,. വർഗീസ് ഇടശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

By Rathi N