Sun. Feb 23rd, 2025
അടിമാലി:

ആദിവാസി കുട്ടികളുടെ പഠനത്തിന് സഹായമായി ഊരുകളിലെ സാമൂഹ്യ പഠനമുറികൾ. മറ്റ്‌ മേഖലയിലെ വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ സ്വകാര്യ പഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്‌. എന്നാൽ, ആദിവാസി കുട്ടികൾക്ക് കുടികളിൽ ഇത് അന്യമാണ്‌.

ഇതിന്‌ പരിഹാരമായാണ് പട്ടികവർഗ വികസനവകുപ്പ് കുടികളിൽ സാമൂഹ്യ പഠനമുറികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതോടെ എല്ലാ ആദിവാസി കുടികളിലും ഗോത്രവർഗ മേഖലകളിലും സാമൂഹ്യ പഠനമുറികൾ യാഥാർഥ്യമാക്കി. സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലെത്തിയാൽ വൈകുന്നേരങ്ങളിലെ പഠനാലയങ്ങളായി ഇത് മാറിയിട്ടുണ്ട്.

30 മുതൽ 40 വരെ കുട്ടികൾ ഈ കേന്ദ്രങ്ങളിലുണ്ടാകും. അത്യാധുനിക സാങ്കേതികവിദ്യകളോട് കൂടിയ ഡിജിറ്റൽ പഠനമുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദഗ്ധരായ അധ്യാപകർ സഹായത്തിനായി ഒപ്പമുണ്ട്‌. ജില്ലയിൽ 19 പഠനമുറികളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

12 പഠനമുറികൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ദേവികുളം താലൂക്കിൽ വിവിധ പഞ്ചായത്തുകളിലായി 20 സാമൂഹ്യ പഠനമുറികളാണ്‌ സജ്ജമാകുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആദിവാസി കുട്ടികൾക്ക് വലിയ ആശ്വാസമായി ഈ പഠനമുറികൾ.

എല്ലാ തലത്തിലുമുള്ള കുട്ടികൾക്കും പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്രമവേളകളിൽ ചായയും ചെറുപലഹാരങ്ങളും നൽകുന്നു. സാമൂഹ്യ പഠനമുറികളിലേക്ക് കുട്ടികൾ എത്തുന്നത് ഇവരുടെ മാനസിക ഉല്ലാസത്തിനും പഠനനിലവാരം ഉയർത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്‌.

By Divya