Sat. Nov 23rd, 2024
ഓച്ചിറ:

കയർ ഏറ്റെടുക്കുന്നതിലും ചകിരി നൽകുന്നതിലും കയർ സംഘങ്ങൾക്കു കയർ ഫെഡ് നിയന്ത്രണം. ജില്ലയിലെ 74 സംഘങ്ങളും തൊഴിലാളികളും പ്രതിസന്ധിയിൽ. ഓണത്തിനു മുൻപു കൂടുതൽ ജോലികൾ നടക്കേണ്ട സമയത്താണ് സംഘങ്ങൾ പ്രതിസന്ധിയിലായത്.

മാർച്ച് വരെ എടുത്ത കയറിന്റെ പണം സംഘങ്ങൾക്കു നൽകിയിട്ടുമില്ല. മിക്ക സംഘങ്ങളിലും ജോലി നിർത്തി വച്ചിരിക്കുകയാണ്. കയർ കയർഫെഡ് എടുക്കാത്തതിനാൽ മിക്ക ഷെഡുകളിലും ഒരു സുരക്ഷയുമില്ലാതെ കയർ സൂക്ഷിക്കുകയാണ്.

കഴിഞ്ഞ ഏപ്രിൽ മുതലാണ് ചകിരി കയർ ഫെഡിൽ നിന്നു വാങ്ങണമെന്ന നിർദേശം സംഘങ്ങൾക്കു നൽകിയത്. അതുവരെ സംഘങ്ങൾ സ്വന്തമായി തമിഴ്നാട്ടിൽ നിന്ന് ആവശ്യമുള്ള ചകിരി എത്തുകയായിരുന്നു. വിവിധ സംഘങ്ങൾ സംയുക്തമായി കൂടുതൽ ചകിരി എത്തിച്ചു ജോലി നടത്തിയിരുന്നു.

എന്നാൽ ഇപ്പോൾ കയർ ഫെഡിന്റെ പുതിയ നിയമ പ്രകാരം സംഘങ്ങൾക്ക് ആവശ്യമായ ചകിരി ലഭിക്കുന്നില്ല. ഓണക്കാലം മുന്നിൽക്കണ്ട് സംഘങ്ങളിൽ കൂടുതൽ കയർ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ചകിരി കയർഫെഡിനു നൽകാൻ സാധിക്കാത്തതാണ് കാരണം. ചകിരിക്ക് ഓർഡർ നൽകി ആഴ്ചകൾ കാത്തിരുന്നാലാണ് വല്ലപ്പോഴും എത്തിക്കുന്നത്.

സംസ്ഥാനത്തു മൂന്നാം സ്ഥാനത്തും ജില്ലയിൽ ഒന്നാം സ്ഥാനത്തും ഉൽപാദനം നടത്തുന്ന ക്ലാപ്പന വടക്ക് കയർ വ്യവസായ സംഘത്തിനു പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 20 ഓട്ടമാറ്റിക് സ്പിന്നിങ് മെഷീനുകൾ നൽകിയിരുന്നു. ഇപ്പോൾ ഇതിന്റെ പ്രവർത്തനച്ചെലവ് വർധിച്ചതിനെത്തുടർന്നു കയർസംഘത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. സമാന അവസ്ഥയിലാണ് കൊറ്റമ്പള്ളി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കയർസംഘവും.

കയർ ഗോഡൗണുകളിൽ നിറഞ്ഞതിനാൽ ഇപ്പോൾ മെഷീൻ ഷെഡിലും തൊഴിലാളികളുടെ വീടുകളിലും കയർ സൂക്ഷിക്കുകയാണ്. ചകിരി നൽകാതെയും ഉൽപാദിപ്പിച്ച കയർ എടുക്കാതെയും എടുത്ത കയറിന്റെ പണം കൃത്യമായി നൽകാതെയും കയർ ഫെഡ് സംഘങ്ങളെ പ്രതിസന്ധിയിലാക്കി.

TAGS:

By Divya