Mon. Dec 23rd, 2024

നടത്തറ:

ഉടുപ്പുകളും ജാക്കറ്റുമെല്ലാം തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്. കൊവിഡ് മഹാമാരിക്കാലത്ത് പണിയില്ലാതായതോടെ തോൽക്കാൻ ഈ പെൺകൂട്ടം തയ്യാറല്ല. അതിജീവനത്തിന്റെ പുതിയ ജീവിതപാത തുറക്കുന്നതിനൊപ്പം കൊവിഡിനെ ചെറുക്കാനുള്ള ഗൗണുകൾ തുന്നിയെടുക്കുകയാണിവർ.

നടത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ് പീടികപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന വിസ്മയ തയ്യൽ ഗ്രൂപ്പാണ്‌ ഈ കൊവിഡ് കാലത്ത് പിപിഇ കിറ്റ് നിർമിച്ച് ശ്രദ്ധേയമാവുന്നത്. നടത്തറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം എസ്‌സി വനിതകൾക്കുള്ള സ്വയംതൊഴിൽ ജെഎൽജി ഗ്രൂപ്പായാണ് ഒരു വർഷം മുമ്പ്‌ പ്രവർത്തനമാരംഭിച്ചത്. വസ്ത്രങ്ങൾ, തുണി സഞ്ചികൾ, മാസ്കുകൾ, തുടങ്ങിയവ നിർമിച്ച് വിതരണം ചെയ്‌തു വരികയായിരുന്നു ഈ ഗ്രൂപ്പ്.

ഒറ്റപ്പാലം അപ്‌സര സ്റ്റിച്ചിങ് ഗ്രൂപ്പുമായി സഹകരിച്ചാണ് പിപിഇ കിറ്റ് നിർമിക്കുന്നത്. രണ്ടു ബാച്ചുകളായി 10,000 പിപിഇ കിറ്റിനായുള്ള ഗൗണുകൾ ഇതിനകം ഇവർ നിർമിച്ചു നൽകി. പി ടി നീതു, കാർത്തിക സിബിൻ, നീതു സതീഷ്, ഐശ്വര്യ ബിനോഷ്, കാർത്തിക സംഗീത്, നിഷ വിനീഷ് എന്നിവരാണ് വിസ്മയ തയ്യൽ ഗ്രൂപ്പ് നയിക്കുന്നത്. സ്ഥാപനത്തിലും വീടുകളിലുമായി 25 ഓളം സ്ത്രീകൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

മൂർക്കനിക്കര സർവീസ് സഹ. ബാങ്കിൽ നിന്ന് 2,60,000 രൂപ വായ്പയായി ലഭിച്ചിട്ടുണ്ട്. ഇതിന് സബ്സിഡിയും ലഭിക്കും. പി ടി നീതു വിസ്മയ ഗ്രൂപ്പിന്റെ പ്രസിഡന്റും കാർത്തിക സിബിൻ സെക്രട്ടറിയും നീതു സതീഷ് ട്രഷററുമാണ്.

പുതിയ ആശയങ്ങൾ സ്വീകരിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാണ് ഗ്രൂപ്പ് ശ്രമിക്കുന്നത്. മുപ്പതോളം തയ്യൽ മെഷീനുകൾ ഇപ്പോൾ ഇവിടെയുണ്ട്. വിസ്മയ ഗ്രൂപ്പിൽ മൂന്ന് പേർ ബിരുദധാരികളും ഒരാൾ ബിരുദാനന്തര ബിരുദധാരിയുമാണ്. സ്ത്രീ ശാക്തീകരണത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ് ഈ ഗ്രൂപ്പ്.

By Rathi N