Wed. Jan 22nd, 2025

മൂവാറ്റുപുഴ:

തുടർച്ചയായ ദിവസങ്ങളിൽ രാത്രി വനിതാ ഹോസ്റ്റലിൽ എത്തി ക്യാമറയും ജനലും നശിപ്പിച്ച് അതിക്രമവും നടത്തുന്ന ആൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളൂർകുന്നം ആതുരാലയം ഹോസ്റ്റലിൽ ആണ് 40 വയസ്സു പ്രായം തോന്നുന്നയാൾ രാത്രി അതിക്രമിച്ചു കടക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 3ന് ആണ് ഇയാൾ ഹോസ്റ്റലിൽ എത്തിയത്.

മതിൽ ചാടി കടന്ന് അകത്തു കയറിയ ഇയാൾ ഹോസ്റ്റലിന്റെ ജനലുകൾ തുറക്കാൻ ശ്രമിച്ചു. പിന്നീട് ജനൽ തകർത്തു. ശബ്ദം കേട്ട് ഹോസ്റ്റലിൽ ഉള്ളവർ നിലവിളിച്ചതിനെത്തുടർന്നു ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വനിതാ ഹോസ്റ്റൽ അധികൃതർ പൊലീസിനു പരാതി നൽകി. അടുത്ത ദിവസം ഇവിടെയുണ്ടായിരുന്ന സിസിടിവി ക്യാമറ തകർത്താണ് അക്രമി വെല്ലുവിളി ഉയർത്തിയത്. സമീപത്തുള്ള വീട്ടിലും ഇയാൾ എത്തി ജനൽ തുറക്കാൻ ശ്രമിച്ചിരുന്നു.

ഹോസ്റ്റലിൽ നൈറ്റ് വാച്ചർ ഉണ്ടായിരുന്നുവെങ്കിലും, മറ്റൊരു വഴിയിലൂടെയാണ് ഇയാൾ അകത്തു കയറിയതെന്നാണ് നിഗമനം. 40 വനിതകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല.

സമീപത്തുള്ള മറ്റൊരു വീട്ടിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. പൊലീസ് സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Rathi N