കഴക്കൂട്ടം:
ഐടി നഗരത്തിൽ ഷോപ്പിങ് മാൾ നിർമിക്കാനെത്തിയ പ്രവാസിയെ വിരട്ടിയോടിക്കാൻ കയറ്റിറക്ക് തൊഴിലാളികൾ ശ്രമിക്കുന്നതായി പരാതി. കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കുന്ന കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന നസീറി(61)നാണ് സിഐടിയു യൂണിയൻ തൊഴിലാളികളുടെ ഭീഷണിയും തെറി അഭിഷേകവും.
കെട്ടിട നിർമാണത്തിനുള്ള സാധനങ്ങൾ ലോറിയിൽ നിന്നും ഇറക്കുവാൻ അമിത കൂലി ആവശ്യപ്പെടുന്ന യൂണിയൻ തൊഴിലാളികൾ നസീറിനെതിരെ വധഭീഷണിയും മുഴക്കിയിട്ടുണ്ട്. തൊഴിലാളികളിൽ ചിലർ നസീറിനെ തൂക്കി ചുവരിലടിക്കും എന്ന ഭീഷണിയും മുഴക്കിയെത്രേ.
കെട്ടിട നിർമാണത്തിനായി കഴിഞ്ഞ ദിവസം മിനി ലോറിയിൽ 600 ഷീറ്റുകൾ കൊണ്ടുവന്ന് ഷോപ്പിങ് മാളിനുള്ളിൽ ഇറക്കുവാൻ ശ്രമിക്കുമ്പോൾ തൊഴിലാളികൾ എത്തി ഷീറ്റ് ഒന്നിന് 21 രൂപ വച്ച് വേണുമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ലോറി തടഞ്ഞിടുകയും ചെയ്തതായി കഴക്കൂട്ടം ലേബർ ഓഫിസർക്കും ക്ഷേമ നിധി ബോർഡിനും പരാതി നൽകിയിരുന്നു. 29 വർഷം ഗൾഫിൽ ജോലി ചെയ്ത നസീർ നാട്ടിലുള്ള ഏതാനും പേർക്ക് ജോലി ലഭിക്കട്ടെ എന്ന ഉദ്ദേശത്തിലാണ് കഴക്കൂട്ടത്ത് എട്ട് കോടി ചെലവിൽ ഷോപ്പിങ് മാൾ നിർമിക്കാൻ തുടങ്ങിയത്.
ഇതുവരെ മൂന്നര കോടിയോളം രൂപ മുതൽ മുടക്കുകയും ചെയ്തു. മുതൽ മുടക്കിയ പണത്തിന്റെ നല്ലൊരു ഭാഗവും ലോൺ എടുത്തതാണെന്നും നസീർ പറയുന്നു. തനിക്കു നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം പൊലീസിനും തൊഴിലാളി ക്ഷേമനിധി ബോർഡിനും ലേബർ ഓഫിസർക്കും പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു. താൻ മുതൽ മുടക്കിയ പണവും ഭൂമിയുടെ പണവും തരാൻ സർക്കാർ മുന്നോട്ട് വന്നാൽ പദ്ധതി ഉപേക്ഷിക്കാൻ പോലും തയാറാണെന്ന് നസീർ പറയുന്നു.
തൊഴിലാളികൾ നസീറിനോട് അപമര്യാദയായി പെരുമാറി എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിലാളിയുടെ പേരിൽ അച്ചടക്ക നടപടി എടുത്തു എന്നും മറ്റു തൊഴിലാളികളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടെന്നും കഴക്കൂട്ടം ലേബർ ഓഫിസർ കെ വി ഹരികുമാർ അറിയിച്ചു. പൊലീസിനു ലഭിച്ച പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പൊലീസും അറിയിച്ചു.
പ്രവാസിയുടെ സംരംഭത്തെ തടസ്സപ്പെടുത്താൻ തൊഴിലാളികൾ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ 13-തിയതി ലേബർ കമ്മിഷണറുടെയും ജില്ലാ ലേബർ ഓഫിസറുടെയും സാന്നിധ്യത്തിൽ നസീറിനെയും തൊഴിലാളികളെയും ചർച്ചക്കു വിളിച്ചിട്ടുണ്ട്.