Sat. Nov 23rd, 2024

കോഴിക്കോട്:

ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുന്നു. ഇയാള്‍ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. യുവതിയെ കൊണ്ടുപോയ സ്കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്.

നാടിനെ ഞെട്ടിച്ച സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും രണ്ടാം പ്രതി ഇന്ത്യേഷ് കുമാര്‍ ഒളിവില്‍ കഴിയുന്നത് അന്വേഷണ സംഘത്തെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഞായറാഴ്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയ സ്കൂട്ടറിലാണ് ഇന്ത്യേഷ് ജില്ല വിട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിലുളള KL 57 B 9587 എന്ന ഈ സ്കൂട്ടര്‍ തിരിച്ചറി‌ഞ്ഞിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യേഷിന്‍റെ കോഴിക്കോട് പന്തീര്‍പാടത്തെ വീട്ടിലും ഇയാള്‍ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. പീഡനത്തിന് ശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാള്‍ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്. 

ഇന്ത്യേഷ് നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിമാന്റിലുളള ഒന്നും മൂന്നും പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പീഡിപ്പിച്ച മൂന്നു പേരെയും തിരിച്ചറിയാമെന്നും യുവതി പറഞ്ഞിരുന്നു.

അമ്മയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ സുദര്‍ശന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.