Wed. Apr 24th, 2024

ചാലക്കുടി:

കൊരട്ടിയിൽ വാഹനങ്ങൾ മോഷ്​ടിച്ച് പാർട്​സ്​ ഓൺലൈനിലൂടെ വിൽപന നടത്തിയ കേസിൽ രണ്ട്​ വിദ്യാർത്ഥികളടക്കം മൂന്നുപേർ പിടിയിൽ. കൊരട്ടി തേവലപ്പിള്ളി പൗലോസി​ൻെറ മോട്ടോർ സൈക്കിൾ മോഷ്​ടിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരടങ്ങുന്ന മൂന്നംഗ സംഘമാണ് കൊരട്ടി പൊലീസി​ൻെറ പിടിയിലായത്. വെസ്​റ്റ്​ കൊരട്ടി കൂരൻവീട്ടിൽ നിതാൽ ജോയിയെയും (19) മറ്റു രണ്ടുപേരെയുമാണ് സിഐ ബികെ അരുണും സംഘവും അറസ്​റ്റ്​ ചെയ്തത്.

ജൂൺ 26ന് രാത്രി 11.30ഓടെ ഇവർ അധ്യാപകനായ പൗലോസി​ൻെറ വീടി​ൻെറ പോർച്ചിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്​ടിക്കുകയായിരുന്നു. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതികൾ വാഹനം കൊരട്ടി ലത്തീൻ പള്ളിക്ക്​ സമീപം ദേശീയപാതയോരത്ത് ഉപേക്ഷിച്ചു. ചോദ്യംചെയ്തതിൽ പ്രതികൾ നടത്തിയ നിരവധി വാഹന മോഷണങ്ങളെക്കുറിച്ച് പൊലീസിനോട് സമ്മതിച്ചു.

പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അങ്കമാലി മൂക്കന്നൂരിൽനിന്ന്​ മോഷ്​ടിച്ച മറ്റൊരു മോട്ടോർ സൈക്കിൾ വീടിന്​ പിറകിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വാഹനങ്ങൾ രഹസ്യകേന്ദ്രത്തിലെത്തിച്ച് സ്‌പെയർ പാർട്​സാക്കി ആവശ്യക്കാരെ ഓൺലൈനിൽ കണ്ടെത്തി വിൽക്കുകയാണ് ഇവരുടെ രീതി. പാർട്സ്​ അടർത്തിയ ശേഷം ബാക്കി ഭാഗങ്ങൾ ചിറങ്ങര, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ വിറ്റിട്ടുണ്ടെന്നും ചില വാഹന ഭാഗങ്ങൾ ആളൊഴിഞ്ഞ ഭാഗങ്ങളിലെ കുളങ്ങളിലും മറ്റും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതികൾ സമ്മതിച്ചു.

ഇത്തരത്തിൽ ഉപേക്ഷിച്ച ഒരു വാഹനത്തി​ൻെറ യന്ത്രഭാഗങ്ങൾ കാതിക്കുടം കള്ളുഷാപ്പിന്​ സമീപത്തു നിന്ന്​ കണ്ടെടുത്തു. മോഷണത്തിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് കറങ്ങാനും വിലകൂടിയ മൊബൈൽ ഫോൺ വാങ്ങാനും മറ്റുമാണ് ഉപയോഗിക്കുന്നത്​. ഒന്നാം പ്രതി നിതിൻ ജോയ് സ്വകാര്യ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ്.

ജില്ല പൊലീസ് മേധാവി ജി പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷി​ൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐമാരായ ഐസി ചിത്തരഞ്ജൻ, എംഎസ് പ്രദീപ്, സികെ സുരേഷ്, എഎസ്ഐമാരായ സെബി, സജീവ് മുരുകേഷ് കടവത്ത്, സീനിയർ സിപിഒമാരായ വിആർ രഞ്ജിത്ത്, ജിബിൻ വർഗീസ്, സജീഷ് കുമാർ, പിഎം ദിനേശൻ, പിടി ഡേവീസ് എന്നിവരാണ് കേസ്​ അന്വേഷിച്ചത്.

By Rathi N