Wed. Jan 22nd, 2025
നെടുങ്കണ്ടം:

പഞ്ചായത്ത് ലൈബ്രറിയില്‍നിന്ന്​ കാണാതായത് 3000ത്തോളം പുസ്തകങ്ങളെന്ന് പ്രാഥമിക കണ്ടെത്തൽ. നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങളടക്കം കാണാനില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത്​ അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് വായിക്കാന്‍ കൊണ്ടുപോയ പുസ്തകങ്ങളില്‍ 2845 എണ്ണം തിരികെ എത്തിച്ചിട്ടില്ലെന്ന്​ വ്യക്തമായത്. 1996 മുതലുള്ള രേഖകളാണ് പഞ്ചായത്തില്‍ നിലവിലുള്ളത്.

6124 പുസ്തകങ്ങളും അംഗത്വ രജിസ്​റ്ററിൽ 575 അംഗങ്ങളുമാണുള്ളത്​.എന്നാൽ, നിലവിൽ ലൈബ്രറിയിൽ 3279 പുസ്തകങ്ങളാണുള്ളത്​. 2018ല്‍ പഞ്ചായത്തിൻ്റെ തനത് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും കഴിഞ്ഞവര്‍ഷം 20,000 രൂപയുടെ പുസ്തകങ്ങളും വാങ്ങിയതായി അധികൃതര്‍ പറയുന്നുണ്ട്​.

അംഗത്വ രജിസ്​റ്ററിൽ ആദ്യകാല സ്ഥിരാംഗങ്ങളുടെ പേരുവിവരങ്ങളും അംഗത്വ തുകയും കാണാനില്ലെന്ന പരാതിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ലൈബ്രേറിയനെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി എ വി അജികുമാര്‍ അറിയിച്ചു.

ഹൈറേഞ്ചിലെ ആദ്യകാല വായനശാലയാണിത്​. 1500ഓളം അംഗങ്ങളുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ രേഖകളില്‍ ആയിരത്തോളം പേർക്കാണ് അംഗത്വം നഷ്​ടമായിരിക്കുന്നത്​. ആദ്യകാലങ്ങളില്‍ മികച്ച രീതിയില്‍ പഞ്ചായത്ത് ഓഫിസ്​ കെട്ടിടത്തിനോട് ചേര്‍ന്ന വിശാലമായ മുറികളിലാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്.

2018 ജൂലൈയില്‍ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിനും പുസ്തകങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തി കാറ്റലോഗുകള്‍ തയാറാക്കുന്ന നടപടിക്കുമായി പഴയ കോണ്‍ഫറന്‍സ് ഹാളിലേക്ക് വായനശാല മാറ്റിയിരുന്നു. ആദ്യകാല അംഗങ്ങള്‍ ലൈബ്രറിയിലേക്ക് തിരികെയെത്തിത്തുടങ്ങിയപ്പോഴാണ് മുമ്പ് ഉണ്ടായിരുന്നതിൻ്റെ പകുതി പുസ്തകങ്ങള്‍പോലും ഇപ്പോൾ ഇല്ലെന്നും തങ്ങളുടെ സ്ഥിരാംഗത്വം നഷ്​ടപ്പെട്ടതും വ്യക്തമായത്.

By Divya