Sat. Jan 18th, 2025

ആലപ്പുഴ:

നിയമലംഘകർ സൂക്ഷിക്കുക, എല്ലാം പൊലീസിന്റെ ക്യാമറയിൽ പതിയും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർ, ബ്രേക്ക്‌ ലൈറ്റ്, പാർക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വ്യാജ നമ്പർ പ്ലേറ്റ്, മോഷണ വണ്ടികൾ, ഓവർ ലോഡ്, അപകടം ഉണ്ടാക്കി നിർത്താതെ പോകുന്ന വണ്ടികൾ തുടങ്ങി എല്ലാ നിയമലംഘനങ്ങളും നിമിഷ നേരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്‌ സഹായത്തോടെ പൊലീസ് ജില്ലാ ഓഫീസിലെ കൺട്രോൾ റൂമിലിരുന്ന്‌ കാണാം. ഡാറ്റ റെക്കോർഡ്‌ ചെയ്യാനും ദീർഘകാലം സൂക്ഷിക്കാനും സാധിക്കും.

ജില്ലയിൽ ആദ്യമായാണ് ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എഎൻപിആർ) ക്യാമറകളുടെ സഹായത്തോടെയുള്ള സർവൈലൻസ് സംവിധാനം ഏർപ്പെടുത്തിയത്. കൺട്രോൾ റൂമിലെ സ്‌ക്രീനിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടക്കം തെളിഞ്ഞു കാണും. നിയമം ലംഘിക്കുന്ന വാഹനത്തിന്റെ ഉടമയെത്തേടി പിഴ അടയ്‌ക്കാനുള്ള നോട്ടീസ് എത്തും.

ജില്ലാ അതിർത്തി കടക്കുന്ന എല്ലാ വാഹനങ്ങളും 24 മണിക്കൂറും നിരീക്ഷിക്കും.
എഎൻപിആർ ക്യാമറകൾ 60 മീറ്റർ വരെയുള്ളതും സൂം ക്യാമറകൾ ഒരു കിലോമീറ്റർ വരെയുള്ളതുമായ ദൃശ്യങ്ങൾ പിടിച്ചെടുക്കും. ദൃശ്യങ്ങൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ പരിശീലനം നേടിയ ആറ്‌ പൊലീസുകാരെ ചുമതലപ്പെടുത്തി. അപകടം ക്യാമറയിൽ പതിഞ്ഞാലുടൻ എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ സംവിധാനം മുഖേന പൊലീസിന് സ്ഥലത്തെത്താനാകും.

സർവൈലൻസ് സംവിധാനം ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്‌ഘാടനംചെയ്‌തു. ആലപ്പുഴ ടൗൺ ഡിവൈഎസ്‌പി എൻ ആർ ജയരാജ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം ജി സാബു, ഡിസിആർബി ഡിവൈഎസ്‌പി എസ് വിദ്യാധരൻ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ വി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

By Rathi N