Wed. Apr 24th, 2024

പാലക്കാട്‌:

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാക്കാനുള്ള നടപടിയുടെ ഭാഗമായി കണ്ണമ്പ്ര വ്യവസായ പാർക്കിനുള്ള സ്ഥലമെടുപ്പിന്‌ അംഗീകാരം. ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‌ കലക്ടർ നൽകിയ വില നിർണയ നിർദേശം സർക്കാർ അംഗീകരിച്ചു. കണ്ണമ്പ്ര–1 വില്ലേജിലെ 120.94 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള തുകയ്‌ക്കാണ്‌ അംഗീകാരം ലഭിച്ചത്‌.

കിൻഫ്രയ്‌ക്ക്‌ നാഷണൽ ഇൻവെസ്‌റ്റ്‌മെന്റ്‌ ആൻഡ്‌ മാനുഫാക്‌ചറിങ് സോൺ(എൻഐഎംഇസഡ്‌) നിർമാണത്തിനാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. 24 പേരുടെ 7.298 ഹെക്ടർ നിലം, 135 പേരുടെ 111.64 ഹെക്ടർ ഭൂമി, ദേശീയ പാതയോട്‌ ചേർന്ന്‌ ഒരു വ്യക്തിയുടെ രണ്ട്‌ ഹെക്ടർ എന്നിങ്ങനെ 160 പേരിൽ നിന്നാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. ആകെ 68 പേർ ഭൂമി ഏറ്റെടുക്കുന്നതിന്‌ സമ്മതപത്രം നൽകി.

ഡിസ്‌ട്രിക്ട്‌ ലെവൽ ഫെയർ, കോമ്പൻസേഷൻ, റീഹാബിലിറ്റേഷൻ ആൻഡ്‌ റീ സെറ്റിൽമെന്റ്‌ കമ്മിറ്റിയാണ്‌ (ഡിഎൽഎഫ്‌സി) വില നിർണയിച്ചത്‌. ഇതിന്‌ സ്‌റ്റേറ്റ്‌ ലെവൽ ഫെയർ, കോമ്പൻസേഷൻ, റീഹാബിലിറ്റേഷൻ ആൻഡ്‌ റീ സെറ്റിൽമെന്റ്‌ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. ഒരു ആർ സ്ഥലം(2.47 സെന്റ്‌) പുരയിടത്തിന്‌ 3.51 ലക്ഷവും ദേശീയപാതയോരത്തിന്‌ 4.76 ലക്ഷവും വീതവുമാണ്‌ നൽകുക.

നിലത്തിന്റെ ഉടമകൾ സമ്മതപത്രം നൽകാത്തതിനാൽ 2013 എൽഎആർആർ ആക്‌ട്‌ പ്രകാരം തുക നൽകി നിലം ഏറ്റെടുക്കാൻ സർക്കാർ കലക്ടർക്ക്‌ അനുമതി നൽകി. പുരയിടം വിട്ടുകൊടുക്കേണ്ട 136 പേരിൽ 67 പേരും ദേശീയപാതയോട്‌ ചേർന്ന്‌ ഭൂമിയുള്ള വ്യക്തിയും സമ്മതം നൽകി.സംസ്ഥാനത്തെ വ്യവസായ വികസനത്തിന്‌ കുതിപ്പേകുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.

പാലക്കാട്, എറണാകുളം ജില്ലയിൽ 2220 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുത്ത് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് കോർപറേഷന്‌ (കെഐസിഡിസി) കൈമാറുക.കണ്ണമ്പ്രയിൽ 312, പുതുശേരി സെൻട്രലിൽ 600,പുതുശേരി ഈസ്റ്റിൽ 558, ഒഴലപ്പതിയിൽ 250 ഏക്കർ എന്നിങ്ങനെയാണ്‌ ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. പാലക്കാട് സ്ഥലമേറ്റെടുക്കാൻ 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തെ കൈമാറി.

ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എൻജിനിയറിങ്‌ വ്യവസായം, ബൊട്ടാണിക്കൽ ഉൽപ്പന്നങ്ങൾ, ടെക്‌സ്‌റ്റൈൽസ്, ഖരമാലിന്യ റീസൈക്ലിങ്‌, ഇലക്ട്രോണിക്സ്, ഐടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകളാണ് ഇടനാഴിയുടെ പാലക്കാട് കേന്ദ്രത്തിലുണ്ടാവുക. പാലക്കാട് ക്ലസ്റ്ററുകളിൽ മാത്രം 83,000 തൊഴിലവസരം സൃഷ്ടിക്കും.

By Rathi N