Fri. Apr 26th, 2024

ബത്തേരി:

ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വനപാലകർക്കു നേരെ വൈദ്യുതി ലൈനുകളിലേക്കു കമുക് മറിച്ചിട്ടു. നൂല്‍പുഴ പഞ്ചായത്തിലെ നെന്‍മേനിക്കുന്നില്‍ ഇന്നലെ പുലര്‍ച്ചെ ആനക്കൂട്ടത്തെ തുരത്തുന്നതിനിടെയായിരുന്നു സംഭവം. വെള്ളം നിറഞ്ഞ ചാലിലേക്കാണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത്. വനപാലകര്‍ തലനാരിഴയ്ക്കു രക്ഷപെടുകയായിരുന്നു.

കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് കൃഷിയിടത്തില്‍ കുടുങ്ങിയ വനപാലകരെ പുറത്തെത്തിച്ചത്.മുത്തങ്ങ റേഞ്ച് തോട്ടാമൂല സെക്‌ഷനിലെ വാച്ചര്‍മാരായ പിബി പ്രദീപ്, മഹേഷ് കോളോട്ട്, മാരൻ ഓടക്കൊല്ലി എന്നിവരാണു വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ജനവാസ കേന്ദ്രത്തിലേക്കു കാട്ടാനകളെത്തിയ വിവരമറിഞ്ഞാണ് അവയെ തുരത്താന്‍ വാച്ചര്‍മാരായ മൂന്നു പേര്‍ എത്തിയത്.

ആനയെ കൃഷിയിടങ്ങളിലൂടെ തുരത്തുന്നതിനിടെ വഴിയരികിലെ വൈദ്യുതി ലൈനിലേക്ക് ആന കമുക് മറിച്ചിട്ടു. കമുകിലും സമീപത്തെ കാപ്പിച്ചെടികളിലും വൈദ്യുതി പടര്‍ന്നത് ഭീതി പരത്തി. തുടര്‍ന്ന് കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിഛേദിക്കുകയായിരുന്നു. ആനയെ തുരത്താന്‍ സഹായത്തിനുണ്ടായിരുന്ന നാട്ടുകാര്‍ വനപാലകരെയും സുരക്ഷിതരാക്കി.

ഷിന്റോ നെന്മേനിക്കുന്ന്, വാസുദേവൻ കുഴിമറ്റം, ജയപ്രകാശ് ചുള്ളിപ്പുര എന്നിവരുടെ കൃഷിയിടങ്ങളിലെ വൈദ്യുത വേലികള്‍ കാട്ടാന തകര്‍ത്തു. രവീന്ദ്രൻ കരിമ്പനാൽ, ബിജു നാടികുന്നേൽ, രവീന്ദ്രൻ ചുള്ളിപ്പുര, ഗോപലൻ ചുള്ളിപ്പുര, സജിത്ത് ചുള്ളിപ്പുരസ പ്രസാദ് വേളക്കൊമ്പിൽ,സുരേഷ് കുമാർ, സുരേന്ദ്രൻ വേളക്കൊമ്പിൽ, വിഡി മോഹൻദാസ്, രാജൻ ഓടവയൽ, രാജേഷ് പറപ്പുള്ളി, സനോജ് വയല തുടങ്ങിയവരുടെ കാപ്പി, കുരുമുളക്, കമുക്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്തെ ക്ഷീര കർഷകർക്ക് രാവിലെ കാട്ടാനയിറങ്ങുന്നതു നിമിത്തം സൊസൈറ്റിയിൽ പാൽ അളക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.