Sat. Apr 20th, 2024

ആലപ്പുഴ ∙

ദ്രവീകൃത പ്രകൃതി വാതകം (സിഎൻജി) പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ യാത്രാ ബോട്ടുകൾ ഓടിക്കാൻ ജലഗതാഗത വകുപ്പ്. 6 മാസത്തിനകം ഇവയുടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ തുടങ്ങിയ സിഎൻജി ഫില്ലിങ് സ്റ്റേഷൻ പ്രയോജനപ്പെടുത്തി എ​റണാകുളം മേഖലയിലെ ബോട്ടുകളാണ് ആദ്യഘട്ടത്തിൽ ഓടിക്കുക.

ഇതിനായി ജലഗതാഗത വകുപ്പ് അദാനി ഗ്രൂപ്പുമായി നടത്തിയ ചർച്ച വിജയമായി. ആദ്യ ഘട്ടത്തിൽ എറണാകുളത്തെ 9 ബോട്ടുകൾ സിഎൻജി ഉപയോഗിച്ച് സർവീസ് നടത്തും. ഇതിൽ ഒരെണ്ണത്തിന്റെ ചെലവ് അദാനി ഗ്രൂപ്പ് വഹിക്കാമെന്നും ധാരണയായി.

വാതകം നിറയ്ക്കാൻ എറണാകുളം ബോട്ട് ജെട്ടിയോട് ചേർന്നു ഡിസ്പെൻസിങ് യൂണിറ്റ് നിർമിച്ചു നൽകാമെന്നും കമ്പനി സമ്മതിച്ചു. ഇതിനുവേണ്ടി എറണാകുളം ബോട്ട് ജെട്ടിയുടെ വീതി കൂട്ടും. ബോട്ട് ജെട്ടി നിർമാണത്തിനു ജലസേചന വകുപ്പുമായി ജലഗതാഗത വകുപ്പ് ആശയവിനിമയം നടത്തി.

എസ്റ്റിമേറ്റ് എടുത്താലുടൻ നിർമാണ അനുമതി നൽകും. സിഎൻജി ഉപയോഗിക്കുന്നതോടെ ബോട്ടിന്റെ ഇന്ധനച്ചെലവ് പകുതിയായി കുറയും. 8000 – 10,000 രൂപയാണ് ബോട്ടുകൾക്ക് ഇന്ധനത്തിന് ഇപ്പോൾ ചെലവിടുന്നത്. സിഎൻജി ഉപയോഗിച്ചാൽ ജല മലിനീകരണവും കുറയും.

By Rathi N