Mon. Dec 23rd, 2024

വടകര:

കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ കച്ചവടത്തിന് ഉപയോഗിക്കുമ്പോൾ വാഹനം നിർത്തുന്നത് റോഡിൽ. ഇതു മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുള്ള ദിവസങ്ങളി‍ൽ നഗരം വൻ ഗതാഗതക്കുരുക്കിലാണ്. കഴ‍ിഞ്ഞ കുറെ ദിവസമായി നഗരം നേരിടുന്ന വാഹനക്കുരുക്ക് മൂലം നൂറു കണക്കിനാളുകൾ ബുദ്ധിമുട്ടി.

കണ്ണൂർ–കോഴിക്കോട് റൂട്ടിൽ ആംബുലൻസുകൾ കുരുങ്ങിക്കിടന്നു. ദേശീയപാതയിലെ കുരുക്ക് മൂലം സമീപത്തെ റോഡുകൾ വഴി തിരിച്ചു വിട്ട വാഹനങ്ങൾ ചെറിയ റോഡുകളിലും കുരുക്കുണ്ടാക്കി.നഗരത്തിലെ അൻപതോളം ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലം കട മുറികളാക്കി കച്ചവടം ചെയ്യുകയാണ്. ഇക്കാര്യം നഗരസഭയിൽ പരാതിയായിട്ടും ഇതു വരെ നടപടിയെടുത്തിട്ടില്ല. 

നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണം പാർക്കിങ് സ്ഥലം ദുരുപയോഗം ചെയ്യുന്നതാണെന്ന് മോട്ടർ വാഹന വകുപ്പും പൊലീസും റിപ്പോർട്ട് നൽകിയിട്ടും നഗരസഭ മൗനം പാലിക്കുന്നു. ഇതു മൂലം പ്രധാന റോഡുകളിൽ പോലും വാഹനങ്ങൾ നിർത്തിയിടുകയാണ്. പാതയോരവും റോഡിന്റെ ഒരു ഭാഗവും വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഗതാഗതം ദുഷ്കരമാവും.

കടന്നുപോവുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലുമാവില്ല. വീതി കൂടിയ റോഡുകളിൽ ഒരു ഭാഗം പാർക്കിങ് പ്രശ്നമല്ലെങ്കിലും നഗരത്തിലെ ചെറുതും വാഹന തിരക്കും ഏറിയ റോഡുകളിൽ ഗതാഗതം ബുദ്ധിമുട്ടാവും.

നഗരത്തിൽ രൂക്ഷമാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പൊലീസിനും പരിമിതി ഏറെ. പ്രധാന 3 ജംക്‌ഷനുകളിൽ ഓട്ടമാറ്റിക് സിഗ്നൽ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ തിരക്ക് മൂലം പലപ്പോഴും സിഗ്നൽ നോക്കാതെയായിരുന്നു വാഹനങ്ങൾ നീങ്ങിയത്. ഇതു തടയാൻ പോലും പൊലീസ് ഉദ്യോഗസ്ഥർ കുറവായിരുന്നു.

വടകര ട്രാഫിക് യൂണിറ്റിൽ എസ്ഐ ഉൾപ്പെടെ 30 പൊലീസുകാരും 29 ഹോം ഗാർഡും മാത്രമേയുള്ളൂ. ഡ്യൂട്ടി പകുത്തു നൽകുമ്പോൾ ഇവരിൽ പകുതിയോളം പേരും ഒരേ സമയം ഉണ്ടാവില്ല. കൊവിഡ് അനുബന്ധ ജോലികളുമുണ്ട്. ട്രാഫിക് സ്റ്റേഷനാക്കി ഉയർത്തിയാൽ ഇരട്ടിയോളം സേനാബലം കൂടും. എന്നാൽ ഇതിനുള്ള പ്രഖ്യാപനം വന്നിട്ട് 10 വർഷമായിട്ടും നടപടിയൊന്നുമില്ല.