Thu. Apr 25th, 2024
റാന്നി:

പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതി. ഇതുമൂലം ഗതാഗതക്കുരുക്കു രൂക്ഷം. കോവിഡ് ലോക്ഡൗൺ മുൻനിർത്തി സർക്കാർ പൊതു ഗതാഗതം നിർത്തിവച്ചിരുന്നു.

ബസുകൾ ഓടാതായതോടെയാണ് സ്റ്റാൻഡ് പൂർണമായും സ്വകാര്യ വാഹനങ്ങൾ കയ്യടക്കിയത്. അടുത്തിടെ ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഏതാനും സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പെരുമ്പുഴ വഴി ഓടുന്നുണ്ട്. അവയ്ക്ക് സ്റ്റാൻഡിലേക്ക് കടക്കാൻ പറ്റാത്ത സ്ഥിതിയാണ്.

റാന്നി വഴി ഓടുന്നതും സർവീസ് നടത്തുന്നതുമായ എല്ലാ സ്വകാര്യ, കെഎസ്ആർടിസി ബസുകളും പെരുമ്പുഴ സ്റ്റാൻഡിൽ എത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ, പെരുമ്പുഴ സ്റ്റാൻഡിൽ എത്തുന്ന ബസുകൾ തിരിച്ചെടുക്കാൻ ഇടമില്ല. അയ്യപ്പാ ടൂറിസ്റ്റ് ഹോമിനു മുന്നിലിട്ട് തിരിച്ച് ബസുകൾ ഇട്ടിയപ്പാറയ്ക്കു മടങ്ങുകയാണ്.

സ്റ്റാൻഡിൽ കയറാനാകാതെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതിനാൽ മിക്ക ബസുകളും പെരുമ്പുഴയ്ക്കു പോകുന്നതുമില്ല. റാന്നി താലൂക്ക് ആശുപത്രിക്കു മുന്നിൽ സ്വകാര്യ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതിന് സ്ഥലമുണ്ട്. പഞ്ചായത്തും പൊലീസും ഇടപെട്ട് അവിടേക്ക് വാഹനങ്ങൾ നീക്കി ബസുകൾ സ്റ്റാൻഡിൽ കയറാൻ സൗകര്യം ഒരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

By Divya