Mon. Dec 23rd, 2024

കളമശേരി:

ലീഗ് സ്ഥാനാർഥികളെ തോൽപ്പിച്ചെന്ന്‌ ആരോപിച്ച് കോൺഗ്രസിനെതിരെ മുസ്ലിംലീഗ് നേതൃത്വം പരസ്യമായി രംഗത്ത്. ലീഗിന്റെ തോൽവിക്ക് കരുക്കൾ നീക്കിയ കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടന് ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പിൽ ലീഗ് വോട്ട്‌ ചെയ്യില്ലെന്ന് കളമശേരി ടൗൺ കമ്മിറ്റി തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സനുള്ള പിന്തുണ പിൻവലിക്കാനും ലീഗ് തീരുമാനിച്ചു.

നിലവിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് നഗരസഭയിലെ യുഡിഎഫ് ഭരണം. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എം അബ്ബാസ്, മണ്ഡലം സെക്രട്ടറിമാരായകെ എ സിദ്ദിഖ്, സി എ അബ്ദുൽ കരിം, ടൗൺ പ്രസിഡന്റ്‌ പി എം എ ലത്തീഫ്, ജനറൽ സെക്രട്ടറി പി ഇ അബ്ദുൽ റഹിം എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. മുനിസിപ്പാലിറ്റിയിലെ 37-ാംവാർഡ്‌ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വി എസ് സമീലിനെ പരാജയപ്പെടുത്താൻ നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണനും ജമാൽ മണക്കാടനും പരസ്യമായി പ്രവർത്തിച്ചിരുന്നു.

ഇവർക്കെതിരെ നൽകിയ പരാതിയിൽ കോൺഗ്രസ് നടപടിയെടുക്കാത്തതിനാലാണ് പ്രതിഷേധം ശക്തമാക്കാൻ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചത്. സീമ കണ്ണനെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനാൽ ഇവർക്കുള്ള പിന്തുണ പിൻവലിക്കാനും ലീഗ്‌ യോഗം തീരുമാനിച്ചു. വി കെ ഇബ്രാഹിംകുഞ്ഞ് പക്ഷക്കാരായ മൂന്നു കൗൺസിലർമാരും തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് വിവരം.

മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ചില ലീഗ്‌ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ജമാൽ മണക്കാടൻ പ്രവർത്തിച്ചതായി അന്നേ ആക്ഷേപമുയർന്നിരുന്നു. എന്നാൽ, പിന്നീട് നടന്ന 37-ാംവാർഡ് തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിക്കെതിരെ ജമാൽ മണക്കാടൻ പരസ്യനിലപാടെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വി കെ ഇബ്രാഹിംകുഞ്ഞിനെ പരാജയപ്പെടുത്താനും ജമാൽ മണക്കാടൻ പ്രവർത്തിച്ചതായി കെപിസിസിക്കും ഡിസിസിക്കും ലീഗ്‌ നൽകിയ പരാതിയിൽ, ടൗൺ കമ്മിറ്റി ഭാരവാഹികളെ വിളിച്ച് ഡിസിസി തെളിവെടുപ്പ് നടത്തിയിരുന്നു. പക്ഷേ, നടപടിയുണ്ടായില്ല.

ഈ സാഹചര്യത്തിൽ ലീഗിന്റെ ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെ ജില്ലാ ആസൂത്രണസമിതിയിലേക്ക് യുഡിഎഫ് പ്രതിനിധിയായി ജമാൽ മണക്കാടനെ തീരുമാനിച്ചത് ഡിസിസിയുടെ ധിക്കാരമാണെന്നും യോഗത്തിൽ വിമർശമുയർന്നു. മുസ്ലിംലീഗിന്റെ കോർപറേഷൻ, മുനിസിപ്പൽ അംഗങ്ങൾ ജമാലിനെതിരെ വോട്ട് ചെയ്യുന്നതിന് നിർദേശം നൽകണമെന്നും യോഗം ലീഗ് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

By Rathi N